ജിദ്ദ: രാജ്യത്തെ തൊഴിൽരംഗത്ത് സ്വദേശിവത്കരണത്തിലൂടെ ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ തദ്ദേശീയർക്കായി മാറ്റിവെക്കാൻ കഴിഞ്ഞതായി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ വക്താവ് സഅദ് ആലു ഹമദ് വ്യക്തമാക്കി. എൻജിനീയറിങ് രംഗത്ത് 7,000 തൊഴിലവസരങ്ങളാണ് സ്വദേശി അഭ്യസ്തവിദ്യർക്കായി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 13,463 സ്വദേശി എൻജിനീയർമാർക്കാണ് തൊഴിൽ ലഭ്യമാക്കിയത്.
ലക്ഷ്യമിട്ടതിനെക്കാൾ ഇരട്ടിയോളം. അതായത് 192 ശതമാനം. അക്കൗണ്ടിങ് രംഗത്ത് 9,500 തൊഴിലവസരങ്ങളാണ് ലക്ഷ്യമിട്ടത്. 15,035 പൗരന്മാർക്ക് ഈ രംഗത്ത് തൊഴിലവസരം ഒരുക്കാനായി. ലക്ഷ്യത്തേക്കാൾ 161 ശതമാനം നേട്ടമാണ് ഈ രംഗത്ത് കൈവരിക്കാനായത്. ടൂറിസം-ഹോട്ടൽ മേഖലയിൽ സ്വദേശിവത്കരണം 129 ശതമാനം ലക്ഷ്യം നേടി. ലക്ഷ്യമിട്ടത് 7,200 തൊഴിലുകളെങ്കിൽ നേടിയത് 9,323 തസ്തികകളാണ്. സെയിൽസ് ഒൗട്ട്ലറ്റുകളുടെ സ്വദേശിവത്കരണം നൂറ് ശതമാനം ലക്ഷ്യംകണ്ടു.
ലക്ഷ്യമിട്ടത് 30,000 തൊഴിലവസരങ്ങൾ ആയിരുന്നു. 30,000 തൊഴിലവസരങ്ങൾ സ്വദേശിവത്കരിച്ചു. ലക്ഷ്യമിട്ട ശതമാനം കൈവരിക്കാനായെന്നും മാനവ വിഭവശേഷി മന്ത്രാലയ വക്താവ് വിശദീകരിച്ചു. ഈ വർഷം തുടക്കം മുതൽ സ്വദേശിവത്കരണം കർശനമായി നടപ്പാക്കാൻ നിരവധി തീരുമാനങ്ങളാണ് മന്ത്രാലയം എടുത്തത്.
മാളുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, സെൻട്രൽ ഫുഡ് മാർക്കറ്റുകൾ, സ്വകാര്യ വിദ്യാഭ്യാസ മേഖലകൾ എന്നിവ ഇതിലുൾപ്പെടും. സ്ഥാപനങ്ങളെയും തൊഴിലന്വേഷകരെയും പിന്തുണക്കുന്നതിനായി നിരവധി തീരുമാനങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാം തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പൗരന്മാർക്ക് കൂടുതൽ ഗുണപരവും സുസ്ഥിരവുമായ തൊഴിലവസരങ്ങൾ തുറക്കുന്നതിനും കാരണമായെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.