ജിദ്ദ: 2022ൽ പുതിയതായി 30 മേഖലകളിൽ കൂടി സ്വദേശിവത്കരണ തീരുമാനങ്ങൾ നടപ്പാക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രി എൻജിനീയർ അഹ്മ്മദ് അൽറാജിഹി പറഞ്ഞു. റിയാദിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഭൂരിഭാഗം തൊഴിൽ മേഖലകളും ജോലികളും സ്വദേശിവത്കരിക്കാൻ ശ്രമം നടത്തും.
കഴിഞ്ഞ വർഷം 32 സ്വദേശിവത്കരണ തീരുമാനങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. സ്വദേശി യുവാക്കളും യുവതികളുമായ 17,000 എൻജിനീയർമാർക്ക് ഇതുവഴി തൊഴിലവസരം നൽകി. അക്കൗണ്ടിങ് മേഖലയിൽ 16,000 പേർക്കും 3,000 ദന്തഡോക്ടർമാർക്കും 6,000 ഫാർമസിസ്റ്റുകൾക്കും ജോലി ലഭ്യമാക്കി. തൊഴിൽ വിപണിയിലെ സ്വദേശികളുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. തൊഴിൽ വിപണി കാര്യക്ഷമതയുടെ കാര്യത്തിൽ സൗദി ലോകത്തെ മികച്ച 20 രാജ്യങ്ങളിൽ എത്താൻ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. രാജ്യം സാക്ഷ്യം വഹിക്കുന്ന വൻകിട പദ്ധതികളിലൂടെ 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
സ്വകാര്യ മേഖലയിൽ 1,32,000ത്തിലധികം യുവാക്കളെയും യുവതികളെയും ഹദഫ് പിന്തുണയ്ക്കുന്നുണ്ട്. 2021ൽ നാല് ലക്ഷം യുവാക്കളും യുവതികളും തൊഴിൽ വിപണിയിൽ പ്രവേശിച്ചു. ആദ്യമായാണ് ഒരു വർഷത്തിൽ ഇത്രയും പേർ തൊഴിൽ വിപണിയിലെത്തുന്നത്. തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തം 32 ശതമാനമായി ഉയർന്നു. വേതന സംരക്ഷണ പ്രോഗ്രാം പരിപാടിയോടുള്ള പ്രതിബദ്ധത 80 ശതമാനമായി. ഓരോ മാസാവസാനവും തൊഴിലാളിക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് വേതന സംരക്ഷണ പരിപാടി ഉറപ്പാക്കുന്നു.
അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എഴുപത് ലക്ഷം തൊഴിൽ കരാറുകൾ ഇലക്ട്രോണിക് ലിങ്ക് ഉപയോഗിച്ച് രേഖപ്പെടുത്തി. മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഡിജിറ്റൽ ആയെന്നും മന്ത്രി പറഞ്ഞു. തൊഴിൽ വിപണി തന്ത്രത്തിൽ 25 പരിഷ്‌കരണ സംരംഭങ്ങൾ ആരംഭിച്ചു. നിക്ഷേപകരെ ആകർഷിക്കുക ലക്ഷ്യമിട്ട് നിലവിലെ തൊഴിൽ വ്യവസ്ഥ പഠനവിധേയമാക്കും. തൊഴിൽ വിപണി ആകർഷകമാകേണ്ടത് പ്രധാനമാണ്. സ്വദേശികൾക്ക് ജോലികൾ സൃഷ്ടിക്കുന്നതിനും നല്ലൊരു തൊഴിൽ അന്തരീക്ഷമുണ്ടാക്കാനുമാണ് മന്ത്രാലയം ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.