റിയാദ്: ഡെലിവറി ജോലികളിൽ നിയന്ത്രണം വരുത്തുന്നതിനും സ്വദേശിവത്കരണത്തിനുമുള്ള ആദ്യഘട്ടം നടപ്പാക്കാൻ ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി ആരംഭിച്ചു. ഡെലിവറി മേഖലയെ നിയന്ത്രിക്കുന്നതിനും സേവനങ്ങളുടെ കാര്യക്ഷമത, വിശ്വാസ്യത, സുരക്ഷിത ഡെലിവറി എന്നിവ വർധിപ്പിക്കുന്നതിനുള്ള ഉത്തരവ് ഇക്കഴിഞ്ഞ ജനുവരി 23നാണ് പുറപ്പെടുവിച്ചത്. ഡെലിവറി ആപ്പുകളിൽ ജോലി ചെയ്യുന്ന വിദേശികളെ ലൈറ്റ് ട്രാൻസ്പോർട്ട് ആക്റ്റിവിറ്റി ലൈസൻസുള്ള കമ്പനികളിലൊന്നിൽ ചേരാൻ നിർബന്ധിക്കുന്നതാണ് ആദ്യഘട്ടത്തിലെ മറ്റൊരു നടപടി.
ഡെലിവറി മേഖലയിലെ സ്വയം തൊഴിൽ സംരംഭങ്ങൾ സൗദി പൗരർക്ക് മാത്രമായി പരിമിതപ്പെടുത്തും. മോട്ടോർ സൈക്കിളുകളിലെ ഡെലിവറി നിയന്ത്രിക്കും. ഡെലിവറി ഡ്രൈവർമാർക്ക് യൂനിഫോം നിർബന്ധമാക്കും. ലൈസൻസുള്ള ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികൾക്ക് കീഴിൽ രാജ്യത്തെ നാല് മേഖലകളിലാണ് വിദേശികൾക്ക് ഡെലിവറി ജോലി ചെയ്യാൻ അനുമതി. അൽ ബാഹ, ജിസാൻ, നജ്റാൻ, വടക്കൻ അതിർത്തികൾ എന്നീ മേഖലകളാണവ.
മോട്ടോർ സൈക്കിളിൽ ഡെലിവറിക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഇനി പറയുന്നവയാണ്. ഡ്രൈവറുടെ പതിവ് ചുമതലകൾ കൂടാതെ സൈക്കിളിനുള്ള പൊതുവായ നിബന്ധനകൾ, രജിസ്ട്രേഷൻ നിബന്ധനകൾ, സാങ്കേതിക സവിശേഷതകൾ, പ്രവർത്തനത്തിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തി എന്നിവ. കാലാവധിയുള്ള ഓപറേറ്റിങ് കാർഡ് നേടുക, റോഡ് ഉപയോക്താക്കളെ ബാധിക്കുന്ന കനത്ത ഭാരവും അളവുകളും ബൈക്കിൽ ലോഡുചെയ്യാതിരിക്കുക, റോഡുകളിൽ ട്രാഫിക്കും ഗതാഗത അതോറിറ്റിയും നിരോധിച്ചിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക എന്നിവയും നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു.
വിദേശ ഡെലിവറി ഡ്രൈവർമാർക്കുള്ള യൂനിഫോം രണ്ട് മോഡലുകളിലുള്ളതാണ്. ലൈറ്റ് ട്രാൻസ്പോർട്ട് ലൈസൻസുള്ള കമ്പനികൾക്ക് കീഴിൽ ജോലി ചെയ്യുന്നവർക്കാണ് ഒരു യൂനിഫോം. മറ്റൊന്ന് ഡെലിവറി ആപ്പുകൾക്ക് കീഴിൽ ജോലി ചെയ്യുന്നവർക്കുള്ള യൂനിഫോമാണ്. പൊതുഗതാഗത അതോറിറ്റിയാണ് ഡിസൈൻ നിശ്ചയിച്ചത്. ഈ ചട്ടങ്ങൾ സൗദി ഡ്രൈവർമാർക്കും ബാധകമാണ്.
ഡെലിവറി മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ഡെലിവറിക്കുള്ള മോട്ടോർ സൈക്കിളുകളുടെ ആധിക്യം മൂലം നിരത്തിലുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കുകയും ലക്ഷ്യമാണ്. തദ്ദേശീയ പൗരന്മാരെ ഈ സുപ്രധാന മേഖലയിലേക്ക് ആകർഷിക്കലും സ്വദേശിവത്കരണം കൊണ്ടുള്ള ഉദ്ദേശമാണ്. ഡെലിവറി മേഖലയിലെ സ്വയം തൊഴിൽ സംരംഭങ്ങൾ സ്വദേശികൾക്കായി പരിമിതപ്പെടുത്തുന്ന രണ്ടാം ഘട്ട നടപടികൾ ജൂലൈ ഒന്നിന് മുമ്പ് പ്രഖ്യാപിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.