ജിദ്ദ: രാജ്യത്തെ ഏഴ് തൊഴിൽ മേഖലയിലെ വിൽപന ഔട്ട്ലറ്റുകളിലും വാഹന പരിശോധന (ഫഹ്സുദൗരി) കേന്ദ്രങ്ങളിലും സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്കരണം നടപ്പാക്കുന്നതിന് നിശ്ചയിച്ച സമയപരിധി അവസാനിച്ചതിനെത്തുടർന്നാണിത്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും വാഹന സാങ്കേതിക പരിശോധന കേന്ദ്രങ്ങളിലെ (ഫഹ്സുദൗരി) ജോലികൾ സ്വദേശിവത്കരിക്കുന്നതിന്റെ ആദ്യഘട്ടമാണ് ആരംഭിച്ചത്. മാനവ വാണിജ്യ മന്ത്രാലയം സൗദി സ്റ്റാൻഡേഡ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷനുമായി സഹകരിച്ചാണ് വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധന സർവിസ് ഔട്ട്ലറ്റുകളുടെ സ്വദേശിവത്കരണം നടപ്പാക്കുക. ആദ്യഘട്ടത്തിൽ 50 ശതമാനവും രണ്ടാംഘട്ടത്തിൽ നൂറുശതമാനവും നടപ്പാക്കും. സൈറ്റ് മാനേജർ, അസിസ്റ്റന്റ് മാനേജർ, ക്വാളിറ്റി മാനേജർ, ഫിനാൻഷ്യൽ സൂപ്പർവൈസർ, സൈറ്റ് സൂപ്പർവൈസർ, ട്രാക്ക് ഹെഡ്, ഇൻസ്പെക്ഷൻ ടെക്നീഷ്യൻ, അസിസ്റ്റന്റ് പരിശോധന ടെക്നീഷ്യൻ, മെയിന്റനൻസ് ടെക്നീഷ്യൻ, ഇൻഫർമേഷൻ ടെക്നീഷ്യൻ, ഡേറ്റ എൻട്രി ടെക്നീഷ്യൻ എന്നിവ സ്വദേശിവത്കരിക്കുന്ന പ്രധാന തൊഴിലുകളിൽ ഉൾപ്പെടും. 5000ത്തിലധികം തൊഴിലവസരങ്ങളാണ് വാഹനപരിശോധന കേന്ദ്രങ്ങളിലെ ജോലികൾ സ്വദേശിവത്കരിക്കുന്നതിലൂടെ പ്രതീക്ഷിക്കുന്നത്.
സുരക്ഷ ഉപകരണങ്ങൾ വിൽക്കുന്ന കേന്ദ്രങ്ങൾ, ലിഫ്റ്റുകൾ, കോണികൾ, ബെൽറ്റുകൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങൾ, കൃത്രിമ പുല്ല്, നീന്തൽ സേവനങ്ങൾ വിൽക്കുന്ന കേന്ദ്രങ്ങൾ എന്നിവയുടെ 70 ശതമാനം സ്വദേശിവത്കരണം ആരംഭിച്ചതിലുൾപ്പെടും. കൂടാതെ വാട്ടർ ടെക്നീഷ്യന്മാർക്കുള്ള ഉപകരണങ്ങൾ വിൽക്കുന്നതിനുള്ള കേന്ദ്രങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ, കാറ്ററിങ് ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ വിൽക്കുന്നതിനുള്ള കേന്ദ്രങ്ങൾ, വേട്ടയാടൽ, യാത്രക്ക് ആവശ്യമായ സാധനങ്ങൾ, പാക്കേജിങ് ഉപകരണങ്ങൾ എന്നിവ വിൽക്കുന്നതിനുള്ള കേന്ദ്രങ്ങളിലെ ജോലികളിലും സ്വദേശിവത്കരണം ആരംഭിച്ചിട്ടുണ്ട്. ബ്രാഞ്ച് മാനേജർ, സൂപ്പർവൈസർ, ട്രഷറർ, അക്കൗണ്ടന്റ്, കസ്റ്റമർ സർവിസ് എന്നിവയായിരിക്കും ഈ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുന്ന ഏറ്റവും പ്രമുഖമായ തൊഴിലുകൾ.
ഇതിലൂടെ സ്ത്രീകളടക്കമുള്ള സ്വദേശികൾക്ക് 12,000ത്തിലധികം തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.