ജിദ്ദ: രാജ്യത്ത് മദിനക്ക് പിന്നാലെ ജീസാനിലും സ്വദേശിവത്കരണം. ആറ് മാസത്തിനകം നിശ്ചിത തൊഴിലുകളിൽ 70 ശതമാനവം സ്വദേശികളായിരിക്കണമെന്നാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യാഴാഴ്ച ഇറക്കിയ ഉത്തരവ്. മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളെ സാരമായി ബാധിക്കും. പ്രാദേശിക സ്വദേശിവത്കണ പദ്ധതി’യുടെ ഭാഗമായി ഗവർണറേറ്റ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം നൽകുന്നതിനും തൊഴിൽ വിപണിയിൽ പങ്കാളിത്തം ഉയർത്തുന്നതിനുമാണിത്.
സെയിൽസ് ഔട്ട്ലറ്റുകളിൽ പരസ്യ ഏജൻസികളുടെ പ്രവർത്തനത്തിനുള്ള കൗണ്ടറുകൾ, ഫോട്ടോ സ്റ്റുഡിയോ, ലാപ്ടോപ്, കമ്പ്യൂട്ടർ അറ്റകുറ്റപ്പണി ഷോപ്, മെയിന്റനൻസ് ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിലെ ജോലികൾ സ്വദേശിവത്കരിക്കും. ആകെ തൊഴിലാളികളുടെ 70 ശതമാനം സ്വദേശികളാവണം. കല്യാണ മണ്ഡപം, ഹാൾ, വിവാഹങ്ങൾക്കും ഇവന്റുകൾക്കുമുള്ള സ്ഥാപനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ബുക്കിങ് ഓഫിസുകളും മേൽനോട്ട ജോലികളും സ്വദേശിവത്കരിക്കും. ശുചീകരണം, കയറ്റിറക്കുമതി ജോലി തുടങ്ങി യൂനിഫോം ധരിക്കുന്ന ഇത്തരം ജോലികൾക്കാണ് ഇളവ്. ആ ജോലിക്കാരുടെ എണ്ണം അതത് സ്ഥാപനങ്ങളിലെ ആകെ തൊഴിലാളികളുടെ 20 ശതമാനത്തിൽ കവിയരുത്.
പാസഞ്ചർ കപ്പലുകൾ (ഫെറി) പ്രവർത്തിപ്പിക്കുന്നതും പരിപാലിക്കുന്നതും 50 ശതമാനം സ്വദേശിവത്കരിക്കും. മറൈൻ എൻജിനീയർ, ഷിപ് സേഫ്റ്റി ടെക്നീഷ്യൻ, നാവികൻ, അക്കൗണ്ട് മാനേജർ, ഷിപ് ട്രാഫിക് കൺട്രോളർ, പോർട്ട് കൺട്രോളർ, നാവിഗേറ്റർ, മറൈൻ ഒബ്സർവർ എന്നീ ജോലികൾ ഇതിലുൾപ്പെടും. ഷിപ് സ്റ്റുവാർഡ്, ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലർക്ക്, അക്കൗണ്ട് അസിസ്റ്റന്റ്, ഫിനാൻഷ്യൽ ക്ലർക്ക്, അക്കൗണ്ട്സ് ആൻഡ് ബജറ്റ് മാനേജർ, ഫിനാൻഷ്യൽ അനലിസ്റ്റ്, നാവികൻ, ഓർഡിനറി നാവികൻ എന്നിവയും സ്വദേശിവത്കരിക്കും.
ആദ്യഘട്ടം ആറുമാസത്തിനു ശേഷവും രണ്ടാംഘട്ടം 12 മാസത്തിനു ശേഷവുമാണ് നടപ്പാക്കുക. സ്ഥാപനങ്ങൾ തീരുമാനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും നടപ്പാക്കുന്നതിനും ആവശ്യമായ സംവിധാനം വിശദീകരിക്കുന്ന നടപടിക്രമ ഗൈഡ് മന്ത്രാലയം പുറത്തിറക്കി. പിഴ ഒഴിവാക്കാൻ സ്ഥാപനങ്ങൾ ഈ തീരുമാനത്തിലെ വ്യവസ്ഥ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.