റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിൽരംഗങ്ങളിൽ സ്വദേശിവത്കരണം കൊണ്ടുവരുമെന്ന് അധികൃതർ. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ സ്വദേശിവത്കരണത്തിനും വനിതാ ശാക്തീകരണത്തിനുമുള്ള പ്രത്യേക വിഭാഗത്തിന്റെ അണ്ടർ സെക്രട്ടറി എൻജി. മാജിദ് അൽദുഹവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. േപ്രാജക്ട് മാനേജ്മെന്റ്, ഭക്ഷ്യമേഖല, വിതരണ ശൃംഖലകൾ എന്നീ മേഖലകളിലെ കൂടുതൽ തൊഴിലുകൾ സ്വദേശികൾക്കായി മാറ്റിവെക്കും. സ്വദേശിവത്കരണ പദ്ധതികൾ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 20.6 ലക്ഷമായി ഉയർത്തി. ചരിത്രത്തിൽ ആദ്യമായാണ് സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാരുടെ എണ്ണം ഇത്രയും ഉയരുന്നത്.
സ്വദേശിവത്കരണ പദ്ധതികളിലൂടെ സ്വകാര്യ മേഖലയിലെ വനിതാ പങ്കാളിത്തം 35 ശതമാനമായി ഉയർന്നു. ഓരോ മേഖലയിലും തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർഥികളുടെ എണ്ണം, ഓരോ മേഖലയിലെയും സാമ്പത്തിക വളർച്ച, സൗദി ജീവനക്കാർക്കുള്ള ആകർഷണീയത, സ്വദേശികൾക്ക് തൊഴിൽ പരിശീലനത്തിനുള്ള ആവശ്യകത, വരുംവർഷങ്ങളിൽ സൗദി യൂനിവേഴ്സിറ്റികളിൽനിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവരുടെ ലഭ്യത എന്നിവ അടക്കമുള്ള മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഏതെല്ലാം മേഖലകളിലാണ് സൗദിവത്കരണം നടപ്പാക്കേണ്ടതെന്ന് നിർണയിക്കുന്നത്. ഇക്കാര്യത്തിൽ ഓരോ മേഖലയുടെയും പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന സർക്കാർ വകുപ്പുകളുമായും സ്വകാര്യ മേഖലയുമായും ഏകോപനം നടത്തുന്നു. ഓരോ മേഖലയെയും കുറിച്ച് സമഗ്ര സർവേ നടത്തി, ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദിവത്കരണ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതെന്നും എൻജി. മാജിദ് അൽദുഹവി പറഞ്ഞു. ഈ വർഷം 30 സൗദിവത്കരണ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നതായി വകുപ്പ് മന്ത്രി എൻജി. അഹ്മദ് അൽരാജ്ഹി നേരേത്ത വെളിപ്പെടുത്തിയിരുന്നു. നിശ്ചിത മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് സൗദിവത്കരണത്തിന് അനുയോജ്യമായ തൊഴിലുകൾ തിരഞ്ഞെടുക്കുകയെന്നും മന്ത്രി പറഞ്ഞു. ലൈസൻസ് ആവശ്യമായ ഏവിയേഷൻ മേഖല തൊഴിലുകൾ, ഒപ്റ്റോമെട്രി പ്രഫഷനുകൾ, പീരിയോഡിക്കൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ഷൻ തൊഴിലുകൾ, തപാൽ, കൊറിയർ ഓഫിസ് തൊഴിലുകൾ, കസ്റ്റമർ സർവിസ് തൊഴിലുകൾ, ഏഴു പ്രവർത്തന മേഖലകളിലെ സെയിൽസ് എന്നീ മേഖലകളിൽ സൗദിവത്കരണം നിർബന്ധമാക്കുന്ന ആറു തീരുമാനങ്ങൾ കഴിഞ്ഞ ബുധനാഴ്ച മാനവശേഷി, സാമൂഹിക വികസന മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനങ്ങളിലൂടെ 33,000 സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.