ജിദ്ദ: സൗദി പൗരന്മാർക്ക് തൊഴിൽ പരിശീലനം നൽകുന്ന പരിപാടിയായ 'തംഹീറി'ലേക്ക് മൂന്നു തൊഴിലുകളെക്കൂടി ഉൾപ്പെടുത്തിയതായി മാനവ വിഭവശേഷി ഫണ്ട് (ഹദഫ്) അധികൃതർ അറിയിച്ചു.കൂടുതൽ സ്വദേശികൾക്ക് തൊഴിൽ അവസരമൊരുക്കാനും ആ തൊഴിലുകളിൽ അവർക്ക് പരിശീലനം നൽകാനും വേണ്ടി മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ച പദ്ധതിയുടെ ഭാഗമാണിത്. അക്കൗണ്ടിങ് ആൻഡ് ചാർേട്ടഡ് അക്കൗണ്ടിങ്, ലോ ആൻഡ് ലീഗൽ കൺസൽട്ടൻറ്, ലേഡീസ് ബ്യൂട്ടീപാർലർ എന്നീ മേഖലകളിലെ ജോലികളാണ് ഇൗ പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തിയത്. സ്വദേശിവത്കരണത്തെ ത്വരിതപ്പെടുത്താനും അതിന് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും സംവരണം ചെയ്യുന്ന തസ്തികകളിൽ ജോലി ചെയ്യാൻ സ്വദേശികളുടെ കഴിവുകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിശീലന പരിപാടി. അതോടൊപ്പം ഇത്തരത്തിലുള്ള തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയുടെ പ്രകടനം പ്രോത്സാഹിപ്പിക്കുക കൂടി ലക്ഷ്യമിടുന്നുണ്ട്.
ഇൗ മൂന്ന് തൊഴിൽ മേഖലയിലും അവസരം തേടുന്ന ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദമുള്ളവർ എന്നിവർ ഇൗ പരിശീലന പരിപാടിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുമെന്നും 'ഹദഫ്' വ്യക്തമാക്കി. പരിശീലന ദൈർഘ്യം മൂന്നു മുതൽ ആറു വരെ മാസമാണ്.ഇൗ സമയത്ത് സർക്കാർ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ, സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശീലനം നടത്തും. ഇതിലൂടെ തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കാനും ആവശ്യമായ വൈദഗ്ധ്യവും നൈപുണ്യവും നേടാൻ സാധിക്കും.
പരിശീലന വേളയിൽ ഡിപ്ലോമയുള്ളവർക്ക് 2000 റിയാലും ബിരുദധാരികൾക്ക് 3000 റിയാലും സ്കോളർഷിപ്പായി നൽകും. കൂടാതെ തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ കഴിയുന്ന സർട്ടിഫിക്കറ്റും നൽകുന്നതാണ് പരിശീലന പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.