റിയാദ്: സൗദിയിൽ റോസാപ്പൂ കൃഷി, ഉൽപാദന മേഖലകളിൽ തൊഴിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു. പ്രാദേശിക വിപണികളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഇത്. സൗദി റോസാപ്പൂക്കൾ കയറ്റുമതി ചെയ്യുന്നതിന് പുതിയ വിപണികൾ തുറക്കും. ഇറക്കുമതി ചെയ്യുന്ന റോസാപ്പൂക്കളുടെ ഉയർന്ന വിലയും ഗുണനിലവാരമില്ലായ്മയും മറികടക്കലും ലക്ഷ്യമാണ്.
ഗൾഫ് രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും സൗദി റോസാപ്പൂക്കൾ കയറ്റുമതി ചെയ്യാൻ വിപണി തുറക്കാനുള്ള സാധ്യതകൾ പരിശോധിക്കും. പുതിയ തീരുമാനം ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനനുസൃതമായി കാർഷികമേഖലയുടെ മൊത്ത ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിന് സംഭാവന ചെയ്യുമെന്നാണ് വിലയിരുത്തൽ.
അതേസമയം, റോസാപ്പൂ കൃഷിക്ക് പരമാവധി പ്രോത്സാഹനങ്ങൾ നൽകിയിട്ടുണ്ടെന്ന് പരിസ്ഥിതി ജലം കൃഷി മന്ത്രാലയം വെളിപ്പെടുത്തി. റോസാപ്പൂ ഉൽപാദകർക്ക് സാമ്പത്തിക വരുമാനം നൽകൽ ഇതിലേറ്റവും ശ്രദ്ധേയമാണ്.
ടിഷ്യു തൈകൾ വളർത്തുന്നതിന്റെ ഫലമായി റോസ് കൃഷിയിൽ സമൃദ്ധമായ വിളവുണ്ടാവുന്നു. ഉൽപാദനച്ചെലവ് കുറക്കാനും കഴിയുന്നു. കൂടാതെ പ്രോത്സാഹനജനകമായ വിലയിൽ റോസ് പ്രോജക്ടുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ കൃഷിഭൂമി നൽകുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം പറഞ്ഞു.
റോസാപ്പൂവിന്റെ താരതമ്യ നേട്ടങ്ങൾ പ്രയോജനപ്പെടുത്തി ഈ മേഖലയിൽ നിക്ഷേപാവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് മന്ത്രാലയം വിശദീകരിച്ചു. റോസാപ്പൂക്കൾക്കായി പ്രോജക്ടുകൾ സ്ഥാപിക്കുന്നതിന് കാർഷിക വികസന ഫണ്ടിൽനിന്ന് വായ്പ നൽകുന്നു. പദ്ധതി ചെലവിന്റെ 70 ശതമാനമാണ് ഇങ്ങനെ വായ്പയായി നൽകുന്നത്.
റോസാപ്പൂ കൃഷിക്കും ഉൽപാദന പദ്ധതികൾക്കും സാങ്കേതിക പിന്തുണ നൽകൽ, ലൈസൻസുകൾ നൽകുന്നത് ഓട്ടോമേറ്റ് ചെയ്യൽ എന്നിവ ഇതിലുൾപ്പെടും. റോസ് കൃഷിയുടെയും ഉൽപാദന പദ്ധതികളുടെയും വിജയത്തിനായി ധാരാളം നിക്ഷേപം നടത്തുന്നതായും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് പുറമെ ഹൈഡ്രോപോണിക്സ് സാങ്കേതികവിദ്യ പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നത് ഉൽപാദനം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ ചെലവ് കുറക്കുന്നതിനും സഹായിക്കുന്നു. അപൂർവയിനം റോസാപ്പൂക്കൾ ഉൽപാദിപ്പിക്കുന്നതിന് ഇത് സഹായമാണ്. വർധിച്ചുവരുന്ന ഡിമാൻഡുള്ള ഇനങ്ങൾ കണ്ടെത്തി കൃഷി ചെയ്യാൻ കഴിയുന്നു. മാത്രമല്ല പദ്ധതിയുടെ സാമ്പത്തിക ലാഭം വർധിപ്പിക്കുന്നതിനും സഹായമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.