ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങളിലെ എൻജിനീയറിങ് ജോലികളിൽ 20 ശതമാനം സ്വദേശിവത്കരിക്കാൻ തീരുമാനം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി ഇതു സംബന്ധിച്ച ഉത്തരവിറക്കി.
വിവിധ ഗവൺമെൻറ് വകുപ്പുകളുടെ പങ്കാളിത്തത്തിലും സഹകരണത്തിലും മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണ പ്രക്രിയകളുടെ തുടർച്ചയാണ് പുതിയ തീരുമാനം. ബിരുദധാരികളായ സ്വദേശി യുവതി, യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ അനുയോജ്യമായ തൊഴിലവസരം ലഭ്യമാക്കുക ലക്ഷ്യമിട്ടാണിത്. സ്വകാര്യ മേഖലയുടെ വികസനത്തിലും സാമ്പത്തിക മേഖല ശക്തിപ്പെടുത്തുന്നതിലും സ്വദേശികളായവരെ പങ്കാളികളാക്കുകയും ചെയ്യുന്നതിനാണിത്.
അഞ്ചോ അതിൽ കൂടുതലോ എൻജിനീയറിങ് പ്രഫഷനലുകൾ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്. തൊഴിൽ മേഖലയിലെ മാറ്റങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി സ്വദേശിവത്കരണ അനുപാതം കൂടാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനം സംബന്ധിച്ച വിവരങ്ങൾ സ്ഥാപന ഉടമകൾക്ക് വ്യക്തമാക്കിക്കൊടുക്കാൻ മാർഗനിർേദശം പുറത്തിറക്കിയിട്ടുണ്ട്. മാനവ വിഭവശേഷി മന്ത്രാലയ വെബ്സൈറ്റ് സന്ദർശിച്ച് ഇത് മനസ്സിലാക്കാം. സ്വകാര്യ സ്ഥാപനങ്ങളിലെ എൻജിനീയറിങ് ജോലികൾ 20 ശതമാനം സ്വദേശിവത്കരിക്കാനുള്ള തീരുമാനം മുഖേന സ്വദേശികൾക്ക് 7000ത്തിലധികം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വെളിപ്പെടുത്തി.
ഏറ്റവും കുറഞ്ഞ ശമ്പളം 7000 റിയാലായിരിക്കണമെന്നും നിജപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ സുപ്രധാന എൻജിനീയറിങ് ജോലികളിലാണ് തീരുമാനം നടപ്പാക്കുക. ഇതോടെ സ്വദേശികൾക്ക് എൻജിനീയറിങ് രംഗത്തെ സുപ്രധാന മേഖലകളിൽ തൊഴിലവസരങ്ങൾ നേടാൻ സാധിക്കും. അതോടൊപ്പം നിരവധി വിദേശികളാണ് സ്വകാര്യ സ്ഥാപനങ്ങളിൽ എൻജിനീയറിങ് രംഗത്ത് ജോലി ചെയ്യുന്നത്. തീരുമാനം നടപ്പാക്കുന്നതോടെ പലർക്കും ജോലി നഷ്ടപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.