ജിദ്ദ: സൗദിയിൽ കുടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു. ഇത് സംബന്ധിച്ച പുതിയ തീരുമാനങ്ങൾ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.
തദ്ദേശീയ യുവതീയുവാക്കൾക്ക് പുതുതായി 40,000 ത്തിലധികം തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് ആറ് മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനിച്ചതെന്ന് മാനവ വിഭവശേഷി മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജിഹി അറിയിച്ചു.
നിയമവുമായി ബന്ധപ്പെട്ട കൺസൾട്ടിങ്, ലോയേഴ്സ് ഒാഫീസ്, കസ്റ്റംസ് ക്ലിയറൻസ്, റിയൽ എസ്റ്റേറ്റ്, സിനിമ വ്യവസായം, ഡ്രൈവിങ് സ്കൂളുകൾ എന്നിവയിലെയും സാങ്കേതിക, എൻജിനീയറിങ് മേഖലയിലേയും ജോലികളിലാണ് പുതുതായി സ്വദേശിവത്കരണം ഏർപ്പെടുത്തുന്നത്. ഇതോടെ ഇൗ രംഗങ്ങളിൽ തൊഴിലെടുക്കുന്ന നിരവധി വിദേശികൾക്ക് ജോലി നഷ്ടപ്പെടും.
ഇൗ വർഷം 2,03,000 ത്തിലധികം തൊഴിലവസരങ്ങൾ നൽകാനാണ് ഈ സ്വദേശിവത്കരണ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. സ്വദേശികൾക്ക് മികച്ച തൊഴിലവസരം സൃഷ്ടിക്കുന്നതിനും ആകർഷകമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും മന്ത്രാലയം നടപ്പാക്കുന്ന വിവിധ സംരംഭങ്ങളുടെ ഭാഗമാണിതെന്നും മന്ത്രി വിശദീകരിച്ചു.
സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നതിന് സ്വദേശികളായ പുരുഷന്മാരെയും സ്ത്രീകളെയും ആകർഷിക്കുക, അതിന് പ്രാപ്തരാക്കുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നിവയും പ്രധാന ലക്ഷ്യങ്ങളാണ്. വിവിധ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കി കൊണ്ടുള്ള നിരവധി തീരുമാനങ്ങൾ മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.