ജിദ്ദ: സൗദിയിൽ ഷോപ്പിങ് മാളുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രമാക്കി കൊണ്ടുള്ള തീരുമാനം നടപ്പിലായതോടെ രാജ്യത്തെ വിവിധ മേഖലകളിലെ മാളുകളിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ ഫീൽഡ് സംഘം പരിശോധന ആരംഭിച്ചു. ഷോപ്പിങ് മാളുകളിലെ സ്വദേശിവത്കരണത്തിനു അനുവദിച്ച കാലയളവ് അവസാനിച്ചതിനാൽ ആഗസ്റ്റ് നാല് ബുധനാഴ്ച മുതലാണ് പരിമിതമായ ചില ജോലികളൊഴികെ എല്ലാ ജോലികളും സ്വദേശികൾക്ക് മാത്രമാക്കി കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വന്നത്.
തീരുമാനം നടപ്പിലാക്കുന്നതിെൻറ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുകയും അതോടൊപ്പം തീരുമാനം എത്രതോളം നടപ്പിലാക്കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുകയും നിയമലംഘനങ്ങൾ പിടികൂടുകയുമാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. തീരുമാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്വദേശികൾക്ക് മാത്രമായ ജോലികളിൽ വിദേശികളെ ജോലിക്ക് നിയമിക്കുക, സ്വദേശിവത്കരണ അനുപാതം പാലിക്കാതിരിക്കുക എന്നീ രണ്ട് തരത്തിലുള്ള പിഴകളാണുണ്ടായിരിക്കുക. രാജ്യത്തെ എല്ലാ മാൾ അധികൃതരോടും തീരുമാനം അനുസരിക്കാൻ മാനവവിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മുഴുവൻ മേഖലകളിലെയും മാളുകളിൽ മിന്നൽ പരിശോധനകൾ ഉണ്ടാകുമെന്ന് ഉണർത്തിയിട്ടുണ്ട്. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടൽ 'മആൻ റിൽറസ്ദ്' എന്ന സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലൂടെയോ 19911 എന്ന ഏകീകൃത നമ്പറിലൂടെയോ വിവരമറിയിക്കണമെന്നും മാനവ വിഭവ ശേഷി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഷോപ്പിങ് മാളുകളിൽ സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും 15,000 തൊഴിലവസരങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ സ്വദേശിവത്കരണ അണ്ടർ സെക്രട്ടറി മാജിദ് ദഹ്വി പറഞ്ഞു. സ്വകാര്യ മേഖലയിൽ ഇതുവരെ 4000 ത്തിലധികം തൊഴിലവസരങ്ങൾ നിർണയിച്ചിട്ടുണ്ട്. ചില ജോലികളെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്ലിനിങ്, ലോഡിങ്, അൺലോഡിങ്, ബാർബർ, കളിക്കോപ്പ് ഉപകരണങ്ങളുടെ റിപ്പയറിങ്ങ് പോലുള്ള ചില ജോലികൾ ഇതിലുൾപ്പെടുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.