ജിദ്ദ: സൗദി അറേബ്യയിൽ ഇനി കണ്ണടമേഖലയിലെ ചില തസ്തികകളിൽ പകുതിയും സ്വദേശികൾക്കായിരിക്കും. മെഡിക്കൽ ഒപ്റ്റോമെട്രിസ്റ്റ്, കണ്ണട ടെക്‌നീഷ്യൻ എന്നീ ജോലികൾ 50 ശതമാനം സ്വദേശികൾക്കായി നിജപ്പെടുത്തിയ തീരുമാനം ശനിയാഴ്ച (മാർച്ച് 18) മുതൽ പ്രാബല്യത്തിലായി. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഈ തീരുമാനം ബാധകമാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ആദ്യഘട്ടമായാണ് രണ്ട് ജോലികളിൽ മാത്രം സ്വദേശിവത്കരണം നടപ്പാക്കുന്നത്. അടുത്ത ഘട്ടങ്ങളിൽ കൂടുതൽ തസ്തികകളിലേക്ക് വ്യാപിപ്പിക്കും.
ആദ്യഘട്ടം നടപ്പാക്കാൻ മന്ത്രാലയം നിശ്ചയിച്ച കാലാവധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ഈ മേഖലയിൽ നാലോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യസ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്. സൗദി കമീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റിയിൽ നിന്ന് പ്രഫഷനൽ അക്രഡിറ്റേഷൻ ഉള്ളവരെയാണ് ഈ തസ്തികകളിൽ നിയമിക്കേണ്ടത്. ഈ ജോലികളിലെ കുറഞ്ഞ വേതനം 5,500 റിയാലാണ്. തീരുമാനം നടപ്പാകുന്നതോടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി 1,000-ത്തിലധികം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂണിലാണ് ഇത് സംബന്ധിച്ച തീരുമാനം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽരാജിഹി പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും നല്ലൊരു തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും സാമ്പത്തിക വ്യവസ്ഥയിൽ അവരുടെ സംഭാവന കൂട്ടുന്നതിനും ലക്ഷ്യമിട്ട് നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രാലയം പറഞ്ഞു.
സൗദികളെ നിയമിക്കാനും അവരുടെ കഴിവുകളെ വികസിപ്പിക്കുന്നതിനും മുന്നോട്ട് വരുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മന്ത്രാലയം പ്രത്യേക പാക്കേജ് ഒരുക്കിയിട്ടുണ്ട്. തീരുമാനത്തിന്റെ വിശദാംശങ്ങളും അത് നടപ്പാക്കുന്നതിനുള്ള സംവിധാനവും വിശദീകരിക്കുന്ന ഗൈഡും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. നിയമപരമായ പിഴകൾ ഒഴിവാക്കാൻ തീരുമാനത്തിന്റെ വ്യവസ്ഥകൾ സ്ഥാപനങ്ങൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.