ജിദ്ദ: സൗദി അറേബ്യയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു. നിയമം, വിദ്യാഭ്യാസം, റസ്റ്റാറൻറുകൾ, കഫേകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നീ രംഗത്തെ ജോലികളിൽ സ്വദേശിവത്കരണം ഉടൻ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽരാജിഹി പറഞ്ഞു. കരാറുകാരുടെയും കൺസൽട്ടിങ് പ്രഫഷനലുകളുടെയും ദേശീയ സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്വദേശികൾക്ക് എല്ലാ വകുപ്പുകളിലും കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാനുള്ള ശ്രമം തുടരുകയാണ്. യൂനിവേഴ്സിറ്റി വിദ്യാർഥികളെ ശാക്തീകരിക്കാനും ഒഴിവുസമയങ്ങളിൽ തൊഴിൽവിപണിയിൽ അവരെ ഉൾപ്പെടുത്താനും ശ്രമിക്കും. മന്ത്രാലയങ്ങൾ, അർധ ഗവൺമെൻറ് സ്ഥാപനങ്ങൾ, സ്വകാര്യമേഖലയുമായി കരാറുണ്ടാക്കിയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സെക്യൂരിറ്റി ജോലിയിലേർപ്പെടുന്നവരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള പഠനം പൂർത്തിയാക്കിയിട്ടുണ്ട്. അവർക്ക് മിനിമം വേതനം നിശ്ചയിച്ചിരിക്കുന്നു. കരാർബന്ധം മെച്ചപ്പെടുത്തുന്ന പദ്ധതി സ്വദേശികളുമായി കരാറുണ്ടാക്കുന്നത് വർധിപ്പിക്കുമെന്നും വ്യക്തമാക്കി. സ്വകാര്യമേഖലയുമായി സഹകരിച്ച് തൊഴിൽ വിപണിക്കാവശ്യമായ പദ്ധതികൾ രൂപപ്പെടുത്താൻ മന്ത്രാലയം ശ്രമിച്ചിട്ടുണ്ട്. ഇതിനായി നിരവധി ശിൽപശാലകൾ സംഘടിപ്പിച്ചു. സൗദിയിലെ തൊഴിൽവിപണി വികസിപ്പിക്കുക, അതിെൻറ കാര്യക്ഷമത വർധിപ്പിക്കുക, ആഗോള തൊഴിൽവിപണികളെ ആകർഷിക്കുക, ഉയർന്ന മത്സരശേഷിയുണ്ടാക്കുക, കഴിവുള്ളവരെ വിപണിയിലേക്ക് ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ടാണിതെല്ലാം. 2019-2020 കാലഘട്ടത്തിൽ വിവിധ സ്വദേശീവത്കരണ പരിപാടികളിലൂടെ നല്ല ഫലങ്ങൾ കൈവരിക്കാനായിട്ടുണ്ട്.
4,20,000ത്തിലധികം സ്വദേശി പുരുഷന്മാർക്കും സ്ത്രീകൾക്കും തൊഴിൽ നൽകാനായി. മന്ത്രാലയത്തിെൻറ പുതിയ സർവിസ് പോർട്ടലായ 'ഖുവാ'യുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സ്ഥാപനങ്ങളോട് മന്ത്രി ആവശ്യപ്പെട്ടു. ഒാൺലൈനിൽ സേവനങ്ങൾ എളുപ്പമാക്കിയതിനാൽ ഒാഫിസുകളിലെത്തി നടപടികൾ പൂർത്തിയാക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.