ജിദ്ദ: ഉംറ സീസണിൽ രാജ്യത്ത് എത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും വിവിധ നഗരങ്ങളിലും മേഖലകളിലും ആരോഗ്യ സേവനം നൽകാൻ 2,764 ലധികം സ്ഥാപനങ്ങൾ. രാജ്യത്തിന് പുറത്തുനിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ ഇത്രയും സ്ഥാപനങ്ങളെയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും വിദേശ രാജ്യത്തുനിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്ക് ഇതിന്റെ പ്രയോജനം നേടാമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
151 ആശുപത്രികൾ മക്കയിലേക്കും മദീനയിലേക്കും വരുന്ന തീർഥാടകർക്കും സന്ദർശകർക്കും സേവനങ്ങൾ നൽകാൻ പൊതു-സ്വകാര്യ മേഖലകളിലുണ്ടാകും. കൂടാതെ 773 ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ കോംപ്ലക്സുകളും രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഏകദേശം 1,840 മെഡിക്കൽ ലബോറട്ടറികളും ഫാർമസികളുമുണ്ടാകും.
രാജ്യത്തിന് പുറത്തുനിന്ന് വരുന്നവർക്കുള്ള ഇൻഷുറൻസ് പരിപാടി തീർഥാടകർ സൗദി അറേബ്യയിൽ ആയിരിക്കുമ്പോൾ ജീവിത നിലവാരം ഉയർത്താനും അവർക്ക് ഉംറ കർമങ്ങൾ സുഗമമായി നിർവഹിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഹജ്ജ്, ഉംറ മന്ത്രാലയം അടുത്തിടെയാണ് ഈ സേവനം ആരംഭിച്ചത്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുമാണ്.
ഇൻഷുറൻസ് പോളിസി, എല്ലാത്തരം വിസകൾക്കും ഉംറ നിർവഹിക്കാൻ സാധിക്കുക ഉൾപ്പെടെ അടുത്തിടെ വിവിധ സേവനങ്ങളാണ് മന്ത്രാലയം തീർഥാടകർക്ക് ഒരുക്കിയത്. കൂടാതെ ഉംറ വിസയുടെ കാലാവധി 30 ദിവസത്തിൽനിന്ന് 90 ദിവസമായി നീട്ടുകയുമുണ്ടായി. തീർഥാടകരുടെ വരവ് എളുപ്പവും സുഗമവുമാക്കുക, നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, തീർഥാടകരുടെ മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കുക എന്നിവ ലക്ഷ്യമട്ടാണിതെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.