ദമ്മാം: അൽ മുന ഇന്റർനാഷനൽ സ്കൂൾ അടുത്ത അധ്യയന വർഷം ഇന്റഗ്രേറ്റഡ് പ്ലസ് ടു ആരംഭിക്കുമെന്ന് സ്ഥാപന മേധാവികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മെഡിക്കൽ എൻജിനീയറിങ് ഉൾപ്പെടെയുള്ള വിവിധ പ്രവേശന പരീക്ഷകൾക്കുള്ള പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയുള്ള ഇന്റഗ്രേറ്റഡ് സംവിധാനമാണ് ആവിഷ്കരിച്ചിരിക്കുന്നത്. സൗദിയിൽ ആദ്യമായാണ് സി.ബി.എസ്.ഇ സിലബസിൽ എൻട്രൻസ് കോച്ചിങ് ഇന്റഗ്രേറ്റ് ചെയ്തുകൊണ്ടുള്ള സീനിയർ സെക്കൻഡറി ക്ലാസ് ആരംഭിക്കുന്നത്. നിലവിൽ സൗദിയിൽ ടി.പി ഗ്രൂപ്പിന്റെ കീഴിൽ എൻട്രൻസ് പരിശീലന ക്ലാസുകൾ നടത്തിക്കൊണ്ടിരിക്കുന്ന ‘ആസ്ക് ഐ.ഐ.ടിയൻസ് ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ടാണ് അൽ മുന സ്കൂൾ പ്ലസ് വൺ ക്ലാസുകൾ 2025-26 അധ്യയന വർഷത്തിൽ ആരംഭിക്കുന്നത്. ഇതിന് സി.ബി.എസ്.ഇ, സൗദി വിദ്യാഭ്യാസ മന്ത്രാലയം എന്നിവിടങ്ങളിൽനിന്നുള്ള അംഗീകാരം ലഭിച്ചു കഴിഞ്ഞതായും സ്കുൾ അധികൃതർ പറഞ്ഞു.
പഠനേതര പ്രവൃത്തികളെ പരിപോഷിപ്പിക്കാൻ കല, കായിക പരിശീലനങ്ങൾക്കുള്ള ഫുട്ബാൾ കോർട്ട്, ബാഡ്മിന്റൺ, വോളിബാൾ, ടേബിൾ ടെന്നിസ് കോർട്ട് എന്നിവ അടങ്ങിയ ഇൻഡോർ സ്റ്റേഡിയം, മൾട്ടിപർപ്പസ് ഓഡിറ്റോറിയം, ലബോറട്ടറികൾ, അത്യാധുനിക എ.ഐ -കമ്പ്യൂട്ടർ -സയൻസ് ലാബുകൾ, തിയറ്റർ, ഭാഷാപരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന കെ.ജി- പ്രൈമറി കുട്ടികൾക്കും 12ാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കുമായുള്ള പുതിയ ബ്ലോക്ക് 2025 ഏപ്രിലിൽ ഉദ്ഘാടനം ചെയ്യും.
കുട്ടികളുടെ സ്വഭാവ രൂപവത്കരണം, ആരോഗ്യ പരിരക്ഷണം, ബൗദ്ധിക വളർച്ച എന്നിവ ലക്ഷ്യം വെച്ചുള്ള വിവിധ പരിശീലനങ്ങൾ സ്കൂൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
പഠന പ്രതിസന്ധി അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി അവരുടെ പ്രശ്നങ്ങൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ പരിഹാരം കാണുന്നതിനായി പ്രമുഖ മനഃശാസ്ത്ര വിദഗ്ധനായ ഡോ. രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായുള്ള സെഷനുകൾ ഇതിനോടകം നടത്തിക്കഴിഞ്ഞു.
മാനേജിങ് ഡയറക്ടർ ഡോ. ടി.പി. മുഹമ്മദ്, പ്രിൻസിപ്പൽ കാസിം ഷാജഹാൻ, മാനേജർ കാദർ മാസ്റ്റർ, ആസ്ക് ഐ.ഐ.ടിയൻസ് ഡയറക്ടർ സതീഷ് റാവു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.