ജുബൈൽ: ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച സഹകരണ കരാറിൽ സൗദിയും ഫ്രാൻസും ഒപ്പുവെച്ചു. ഫ്രഞ്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി (ഐ.എൻ.പി.ഐ), സൗദി അതോറിറ്റി ഫോർ ഇൻറലെക്ച്വൽ പ്രോപ്പർട്ടി (എസ്.എ.ഐ.പി) എന്നിവ തമ്മിലാണ് കരാർ. ഫ്രഞ്ച് അംബാസഡർ ലുഡോവിക് പോളിയുടെ സാന്നിധ്യത്തിൽ എസ്.ഐ.പി സി.ഇ.ഒ ഡോ. അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ സ്വൈലം, ഐ.എൻ.പി.ഐ ഡയറക്ടർ ജനറൽ പാസ്കൽ ഫാർ എന്നിവരാണ് ഒപ്പുവെച്ചത്.
സഹകരണത്തിനുള്ള ഒരു പൊതു ചട്ടക്കൂട് ശക്തിപ്പെടുത്താനും വികസിപ്പിക്കാനും ഇരുരാജ്യങ്ങളും ശ്രമിക്കും. ബൗദ്ധിക സ്വത്തവകാശ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഇരുപക്ഷവും തമ്മിലുള്ള ഏകോപനത്തിെൻറ തോത് ഉയർത്താനും കരാർ ലക്ഷ്യമിടുന്നു. ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങളെ ബോധവത്കരിക്കുന്നതിന് നിരവധി പരിപാടികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ആഗോള സമ്പ്രദായങ്ങൾക്കനുസൃതമായി രാജ്യത്ത് ബൗദ്ധിക സ്വത്തവകാശം സംഘടിപ്പിക്കുക, പിന്തുണക്കുക, സ്പോൺസർ ചെയ്യുക, പരിരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സൗദി അതോറിറ്റി ഫോർ ഇൻറലെക്ച്വൽ പ്രോപ്പർട്ടി (എസ്.എ.ഐ.പി) ലക്ഷ്യം വെക്കുന്നത്. ആഗോള വീക്ഷണകോണുള്ള ഒരു സംയോജിത ബൗദ്ധിക സ്വത്തവകാശ അതോറിറ്റിയായാണ് ഇതു പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.