റിയാദ്: ലോക ഫുട്ബാൾ താരങ്ങളായ മെസ്സിയും റൊണാൾഡോയും മുഖാമുഖം ഏറ്റുമുട്ടുന്ന റിയാദ് സീസൺ കപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപന തുടങ്ങി. പ്രമുഖ സൗദി ക്ലബുകളായ അൽഹിലാൽ, അൽനസ്ർ, അമേരിക്കൻ ക്ലബ് ഇൻറർ മിയാമി എന്നിവ പരസ്പരം ഏറ്റുമുട്ടുന്ന ട്രിപ്ൾ ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ച വിവരം പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് അറിയിച്ചു. ടിക്കറ്റ് നിരക്ക് 375 സൗദി റിയാലിൽ ആരംഭിക്കുന്നു. webook.com/ar/events എന്ന ലിങ്കിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ആകെ 11 കാറ്റഗറികളിലായി 375 റിയാൽ മുതൽ 7500 റിയാൽ വരെയാണ് ടിക്കറ്റ് നിരക്കുകൾ.
റിയാദ് ബോളിവാർഡ് സിറ്റിയിൽ അടുത്തിടെ നിർമാണം പൂർത്തിയാക്കിയ കിങ്ഡം അരീനയിലാണ് റിയാദ് സീസൺ കപ്പിനായുള്ള മത്സരം നടക്കുക. ജനുവരി 29ന് തുടങ്ങുന്ന ടൂർണമെൻറ് ഫെബ്രുവരി എട്ടിന് അവസാനിക്കും. ആദ്യ മത്സരത്തിൽ അമേരിക്കൻ ഫുട്ബാൾ ലീഗ് കപ്പ് കിരീടം സ്വന്തമാക്കിയ ഇൻറർ മിയാമി നിലവിൽ സൗദി പ്രഫഷനൽ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള അൽഹിലാൽ ക്ലബിനെ നേരിടും. രണ്ടാമത്തെ മത്സരം ഫെബ്രുവരി ഒന്നിനാണ്. ‘ദി ലാസ്റ്റ് ഡാൻസ്’എന്നപേരിൽ നടക്കുന്ന അൽനസ്ർ-ഇൻറർ മിയാമി മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മുഖാമുഖം വരും.
ഫെബ്രുവരി എട്ടിന് രാത്രി ഒമ്പതിന് അൽഹിലാലും അൽനസ്റും തമ്മിലുള്ള റിയാദ് ഡെർബിയോടെ ടൂർണമെൻറ് സമാപിക്കും. കൂടുതൽ പോയൻറുകൾ നേടുന്ന ടീമിന് കപ്പ് ലഭിക്കും. സൗദി അൽനസ്ർ ക്ലബിനെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇൻറർ മിയാമിയെ ലയണൽ മെസ്സിയുമാണ് നയിക്കുക. സെർബിയൻ താരം അലക്സാണ്ടർ മിട്രോവിച്ചും ഏഷ്യയിലെ ഏറ്റവും മികച്ച കളിക്കാരനായ ക്യാപ്റ്റൻ സാലിം അൽദോസരിയുമാണ് അൽഹിലാലിനെ നയിക്കുക.
റിയാദ് സീസൺ കപ്പ് മത്സരങ്ങൾ സൗദി പ്രഫഷനൽ ലീഗ് താരങ്ങൾ തമ്മിലുള്ള ശക്തമായ മത്സരത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് ഫുട്ബാൾ ആരാധകർ പ്രതീക്ഷിക്കുന്നത്.
റൊണാൾഡോക്ക് പുറമെ, സാദിയോ മാനെ, മാർസെലോ ബ്രോസോവിച്ച് തുടങ്ങിയവ പ്രമുഖർ അൽനസ്ർ ടീമിലുണ്ടാകും. അൽഹിലാലിനായി സെർജി മിലിങ്കോവിച്ച്-സാവിച്ച്, നിലവിൽ ഏഷ്യയിലെ ഏറ്റവും മികച്ച കളിക്കാരനും സൗദി അന്താരാഷ്ട്ര ക്യാപ്റ്റനുമായ സാലിം അൽദോസരി, അലക്സാണ്ടർ മിട്രോവിച് എന്നിവർ അണിനിരക്കും.
ടൂർണമെൻറ് ആരംഭിക്കുന്ന ദിവസങ്ങൾ അടുത്തതോടെ അൽഹിലാൽ, അൽനസ്ർ സൗദി ക്ലബ് ആരാധകരുടെ കണ്ണുകൾ 2024 റിയാദ് സീസൺ കപ്പ് മത്സരത്തിലേക്ക് തിരിയുകയാണ്. റിയാദ് സീസൺ കപ്പിനുള്ളിലെ ഒരു മികച്ച ഫസ്റ്റ് ക്ലാസ് മത്സരത്തിനായി കാത്തിരിക്കുകയാണവർ.
നിരവധി ചാമ്പ്യൻഷിപ്പുകളും കിരീടങ്ങളും സ്വന്തമാക്കിയ സൗദി അറേബ്യയിലെ ഏറ്റവും വലിയ രണ്ട് ടീമുകളാണ് മൂന്നാം മത്സരത്തിൽ ഏറ്റുമുട്ടുന്നതെന്നും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.