മക്ക: ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുള്ള അന്താരാഷ്ട്ര സഖ്യം ആരംഭിക്കുമെന്ന സൗദി അറേബ്യയുടെ പ്രഖ്യാപനത്തെ മുസ്ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു. അറബ്, ഇസ്ലാമിക രാജ്യങ്ങൾക്കും യൂറോപ്യൻ പങ്കാളികൾക്കും വേണ്ടി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രഖ്യാപിച്ച സഖ്യം ചരിത്ര സംരംഭമാണെന്ന് മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ രാജ്യങ്ങളോടും ഈ ഉദ്യമത്തിൽ പങ്കാളിയാവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. മേഖലയിൽ നീതിയുക്തവും സമഗ്രവുമായ സമാധാനാന്തരീക്ഷം സാധ്യമാക്കുന്നതിന് ഇത് ഗുണപരമായ സ്വാധീനം ലോകത്ത് ചെലുത്തുമെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
സൗദി അറേബ്യ നടത്തിയ അസാധാരണ ശ്രമങ്ങളെയും ഫലസ്തീൻ ലക്ഷ്യത്തെ പിന്തുണക്കുന്നതിനുമായി അന്താരാഷ്ട്ര പങ്കാളികളെ അണിനിരത്തുന്നതിൽ ലോകമെമ്പാടും തുടർച്ചയായതും ഫലപ്രദവുമായ മുന്നേറ്റത്തെയും പുരോഗതിയെയും അഭിനന്ദിച്ചുകൊണ്ടാണ് മുസ്ലിം വേൾഡ് ജനറൽ സെക്രട്ടറി പ്രസ്താവന അവസാനിപ്പിച്ചത്. ന്യൂയോർക് സിറ്റിയിൽ നടന്ന യു.എൻ ജനറൽ അസംബ്ലിയുടെ 79ാം സെഷനിൽ ഹൈ ലെവൽ വാരത്തോടനുബന്ധിച്ചാണ് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുള്ള അന്താരാഷ്ട്ര സഖ്യം സംബന്ധിച്ച പ്രഖ്യാപനം സൗദി അറേബ്യ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.