റിയാദ്: സൗദി ഓർക്കസ്ട്രയുടെ ലണ്ടനിലെ സംഗീതപരിപാടി അരങ്ങേറി. ബ്രിട്ടീഷ് തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള വെസ്റ്റ്മിൻസ്റ്ററിലെ സെൻട്രൽ ഹാളിലാണ് സൗദി മ്യൂസിക് അതോറിറ്റി ‘മാസ്റ്റർ പീസ് ഓഫ് സൗദി ഓർക്കസ്ട്ര’ എന്ന പേരിൽ സംഗീതക്കച്ചേരി അവതരിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിൽ സൗദി സംസ്കാരത്തിന്റെയും കലകളുടെയും സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടി.
ജാപ്പനീസ് തലസ്ഥാനമായ ടോക്യോയിലാണ് അടുത്ത പരിപാടി. ലണ്ടനിൽ 50ഓളം യുവതീയുവാക്കൾ പരിപാടി അവതരിപ്പിച്ചു. സൗദി സംഘം നടത്തിയ വിവിധ പരിപാടികൾ കച്ചേരിയിൽ പങ്കെടുത്തവർക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. സൗദിയുടെ നാനാദിക്കുകളിൽനിന്നുള്ള നാടോടിക്കഥകൾ ഉൾപ്പെടുത്തിയ സംഗീതാവിഷ്കാരം സദസ്സിന് പുതുമയും കൗതുകവും പകർന്നു. സൗദി മ്യൂസിക് അതോറിറ്റി എല്ലാ വർഷവും സംഘടിപ്പിക്കുന്ന സൗദി നാഷനൽ ഓർക്കസ്ട്രയുടെയും ഗായക സംഘത്തിന്റെയും ആഗോള സഞ്ചാരത്തിന്റെ ഭാഗമായാണ് സംഗീത പരിപാടി അവതരിപ്പിക്കുന്നത്.
പാരിസിലാണ് ആദ്യ പരിപാടി അരങ്ങേറിയത്. തുടർന്ന് മെക്സിക്കോ സിറ്റിയിലെ നാഷനൽ തിയറ്ററിലും ന്യൂയോർക് സിറ്റിയിലെ മെട്രോപൊളിറ്റൻ ഓപ്പറ ഹൗസിലും ഇപ്പോൾ ലണ്ടനിലും കച്ചേരി നടത്തി. കലയെയും സംസ്കാരത്തെയും അതിന്റെ എല്ലാ രൂപങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധത ഊന്നിപ്പറയുന്നതാണിത്. ‘വിഷൻ 2030’ന്റെ കുടക്കീഴിൽ നടപ്പാക്കുന്ന സാംസ്കാരിക ദേശീയ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.