റിയാദ്: സയാമീസ് ഇരട്ടകളുടെ അന്താരാഷ്ട്ര സമ്മേളനത്തിന് നവംബറിൽ റിയാദ് ആതിഥേയത്വം വഹിക്കും. സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള സൗദി പ്രോഗ്രാം ആരംഭിച്ചതിന്റെ 30ാം വാർഷികത്തോടനുബന്ധിച്ച് സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ കിങ് സൽമാൻ സെൻറർ ഫോർ ഹ്യുമാനിറ്റേറിയൻ റിലീഫ് ആൻഡ് എയ്ഡാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നവംബർ 24, 25 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ മുമ്പ് വേർപെടുത്തൽ ശസ്ത്രക്രിയകൾക്ക് വിധേയരായ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഇരട്ടകൾ അവരുടെ കുടുംബങ്ങളോടൊപ്പം പങ്കെടുക്കും.
നാഷനൽ ഗാർഡ്, പ്രതിരോധം, വിദേശകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, ഇൻഫർമേഷൻ മന്ത്രാലയങ്ങളും അന്താരാഷ്ട്ര മാനുഷിക, ആരോഗ്യ സംഘടനകളും സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളിൽനിന്നുള്ള സ്ഥാപനങ്ങൾ, മെഡിക്കൽ, മാനുഷിക മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി കൂട്ടായ്മകൾ, വിദഗ്ധർ, ഗവേഷകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. മാനുഷികവും ശാസ്ത്രീയവുമായ സെഷനുകൾ, മാനുഷിക മേഖലയിലെ പ്രദർശനവും അനുബന്ധ പരിപാടികളും മെഡിക്കൽ മികവും പ്രത്യേകിച്ച് ഇരട്ടകൾക്കായുള്ള സൗദി പ്രോഗ്രാമിലൂടെയുള്ള മികവ് എന്നിവക്കും സമ്മേളനം സാക്ഷ്യം വഹിക്കും. രാജ്യത്തെ ആരോഗ്യ-മാനുഷിക മേഖല വികസിപ്പിക്കാനും ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും ലക്ഷ്യമിട്ടാണിത്. അതോടെ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.