ജിദ്ദ: രാജ്യാന്തര പ്രതിരോധ പ്രദർശനം ഞായറാഴ്ച റിയാദിൽ ആരംഭിക്കും. മാർച്ച് ആറു മുതൽ ഒമ്പതു വരെ നടക്കുന്ന ആഗോള പ്രതിരോധ സുരക്ഷ പ്രദർശനത്തിന്റെ ആദ്യ പതിപ്പിനാണ് റിയാദ് നഗരം സാക്ഷ്യംവഹിക്കാൻ പോകുന്നത്.
ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ ഏകദേശം 30,000 സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര, കടൽ, വായു, ബഹിരാകാശ, വിവര സുരക്ഷ എന്നീ മേഖലകളിലുടനീളമുള്ള വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതിക സംഭവവികാസങ്ങളും പ്രവർത്തനക്ഷമത സംവിധാനങ്ങളും ഉയർത്തിക്കാട്ടുന്നതിനും പ്രാദേശികമായും ആഗോളതലത്തിലും പ്രതിരോധ-സുരക്ഷ വ്യവസായങ്ങളുടെ പുരോഗതി തുറന്നുകാട്ടുന്നതിനുമാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
നൂറുകണക്കിന് പ്രാദേശിക, അന്തർദേശീയ നിർമാതാക്കൾ പ്രദർശിപ്പിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളും സംവിധാനങ്ങളും കാണുന്നതിന് ലോകമെമ്പാടുമുള്ള ഡസൻകണക്കിന് ഉന്നതതല പ്രതിനിധികൾ പ്രദർശനം സന്ദർശിക്കും.
2030ഓടെ സൈനിക ഉപകരണങ്ങൾക്കും സേവനങ്ങൾക്കുമുള്ള ചെലവിന്റെ 50 ശതമാനത്തിലധികം പ്രാദേശികവത്കരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള തന്ത്രപ്രധാനമായ പദ്ധതിയെ പ്രതിനിധാനം ചെയ്യുന്നതാണ് പ്രതിരോധ പ്രദർശനമെന്ന് ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് ഗവർണർ എൻജിനീയർ അഹ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഒൗഹലി പ്രസ്താവനയിൽ പറഞ്ഞു. വ്യവസായ, നവീകരണ മേഖലകളിൽ അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
രാജ്യത്തിന്റെ കാഴ്ചപ്പാട് പങ്കിടുന്ന നിർമാതാക്കൾക്കും അന്താരാഷ്ട്ര സേവനദാതാക്കൾക്കും നിക്ഷേപത്തിന്റെ വാതിലുകൾ തുറന്നിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ലോകത്തിലെ ഏറ്റവും പ്രമുഖമായ പ്രതിരോധ സുരക്ഷ പ്രദർശനങ്ങളിലൊന്നായാണ് റിയാദിലെ പ്രതിരോധ പ്രദർശനം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് സി.ഇ.ഒ ആൻഡ്രൂ പെർസി പറഞ്ഞു.
80ലധികം രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന സന്ദർശകരും പ്രതിനിധി സംഘങ്ങളും പ്രദർശനം കാണാനെത്തും.
പ്രദർശന ആസ്ഥാനം 8,00,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പവിലിയനുകൾക്കായി മൂന്ന് കൂറ്റൻ ഹാളുകളും സൈനിക വിമാനങ്ങളുടെ തത്സമയ പ്രദർശനത്തിന് മൂന്നു കിലോമീറ്റർ റൺവേയും ഒരുക്കിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ചെറുകിട, ഇടത്തരം കമ്പനികളുടെ ഏറ്റവും പുതിയ നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന സ്റ്റാർട്ടപ് ഏരിയയും എക്സിബിഷനിൽ ഉൾപ്പെടുമെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.