ജിദ്ദ: സൗദി അറേബ്യയിലേക്ക് വിദേശത്ത് നിന്ന് ചരക്കുകൊണ്ടുവരുന്ന ട്രക്കുകളുടെ കാലപ്പഴക്കം അഞ്ചുവർഷമായി ചുരുക്കാൻ സൗദി മന്ത്രിസഭ തീരുമാനം. അതിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളെ ഇനി രാജ്യാന്തര ചരക്കുനീക്കത്തിന് അനുവദിക്കില്ല.
10 വർഷമെന്ന കാലപരിധിയാണ് അഞ്ചു വർഷമായി ചുരുക്കിയത്. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഹെവി ട്രക്കുകളുടെ കാലനിർണയം നടത്തിയത്. നിയമം നടപ്പാക്കാൻ പൊതുഗതാഗത അതോറിറ്റിയെ ചുമതപ്പെടുത്തി.
രാജ്യത്തേക്ക് പുറത്തുനിന്ന് ചരക്കുകൾ കൊണ്ടുവരുന്ന മൂന്നര ടണ്ണിലധികം ഭാരം വഹിക്കുന്ന എല്ലാ ട്രക്കുകൾക്കും ഈ നിയമം ബാധകമാണ്. നിർമാണ വർഷം മുതൽ അഞ്ച് വർഷം വരെയായിരിക്കും കാലാവധി. വാഹനത്തിെൻറ മോഡൽ കണക്കാക്കുന്നത് ജനുവരി ആരംഭം മുതലാണ്.
തീരുമാനം പ്രഖ്യാപിച്ച തീയതി മുതൽ ആറ് മാസത്തിന് ശേഷമാണ് നിയമം നടപ്പാക്കുക. ട്രക്കുകളുടെ കാലപഴക്ക പരിധി കുറക്കാനുള്ള തീരുമാനം മൂലം ധാരാളം പ്രയോജനമുണ്ടെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. ഇത് റോഡ് സുരക്ഷ ഉയർത്തും. പരിസ്ഥിതി മലിനീകരണവും കാർബൺ ബഹിർഗമനവും കുറയ്ക്കും. ഇന്ധന ഉപഭോഗവും കുറയ്ക്കും.
പൊതുഗതാഗതവും സ്വകാര്യ ഗതാഗതവും തുല്യമാകും. ഗതാഗതത്തിെൻറ കാര്യക്ഷമതയും മത്സരശേഷിയും ഉയർത്താൻ സഹായിക്കും. വാഹനത്തിെൻറ പ്രവർത്തനവും റിപ്പയറിങ് ചെലവുകളും കുറക്കാനുമാകുമെന്നും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.