റിയാദ്: ജീവന്റെ പരിരക്ഷകരായി ആതുര സേവന രംഗത്ത് ജാഗ്രതയോടെ കഠിനാധ്വാനം ചെയ്യുന്നവരാണ് നഴ്സുമാർ. അവരെക്കുറിച്ച് ഉറക്കെ ചിന്തിക്കുന്ന ഈ ദിനത്തിൽ മൂന്നര പതിറ്റാണ്ട് കാലം സേവനത്തിന്റെ വെള്ളിവെളിച്ചം പ്രസരിപ്പിച്ച ഒരു മാലാഖയെയാണ് നാം പരിചയപ്പെടുന്നത്. റിയാദ് കിങ് സഊദ് മെഡിക്കൽ സിറ്റി(ശുമൈസി) ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന എറണാകുളം മുവേറ്റുപുഴ സ്വദേശിനി റംല ബീവിയാണത്. ആത്മസമർപ്പണവും കർൽസുകതയും ആവശ്യമുള്ള ഈ മേഖലയിൽ സ്ഥിരോത്സാഹവും നൈരന്തര്യവുമായി കുറേ വർഷങ്ങൾ. രോഗികളെ ആർദ്രതയോടെ സമീപിക്കുവാനും തന്റെ സാന്നിധ്യം അവർക്ക് സാന്ത്വനമാകാനും ഒപ്പം സാമൂഹിക പ്രവർത്തകർക്ക് രോഗിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകി സഹായിക്കുവാനും എപ്പോഴും അവർ മുന്നിലുണ്ടായിരുന്നു. രോഗികളെ ആശ്വസിപ്പിക്കുക മാത്രമല്ല, ആവശ്യമെങ്കിൽ ഒരു ബന്ധുവിനെപ്പോലെ ലഘു ഭക്ഷണം നൽകുവാനും റംല സിസ്റ്റർ ഡ്യൂട്ടിയിലില്ലെങ്കിൽ പോലും സന്നദ്ധമാണ്. അവരുടെ അർപ്പണബോധവും അനുകമ്പയും നിറഞ്ഞ പരിചരണത്തെ ആർക്കും നിഷേധിക്കാനാവില്ല.
വാർഡുകളിലും തിയറ്ററുകളിലും ഡോക്ടർമാരോടൊപ്പവും നീണ്ടകാലം സേവനം ചെയ്ത റംല ബീവി ഇപ്പോൾ അഡ്മിൻ രംഗത്താണ് ജോലി ചെയ്യുന്നത്. 34 വർഷം മുമ്പ് റിയാദിൽ ജോലിയിൽ പ്രവേശിച്ച ശേഷമാണ് വിവാഹം ചെയ്തതും ഇരട്ടകളായ മക്കൾക്ക് ജന്മം നൽകിയതും. കാസർകോഡ് മാലിക് ദീനാർ ആശുപത്രിയിലായിരുന്നു നഴ്സിംങ് പഠനം. അങ്കമാലി ലിറ്റിൽ ഫ്ലളവർ ആശുപത്രിയിൽ ഒരു വർഷം ജോലി ചെയ്ത ശേഷം ഇന്റർവ്യൂ കഴിഞ്ഞ് സൗദിയിലേക്കു വരുകയായിരുന്നു. ശുമൈസി ആശുപത്രി നിരവധി നവീകരണങ്ങൾക്കും പേര് മാറ്റങ്ങൾക്കും വിധേയമായെങ്കിലും എല്ലാറ്റിനും സാക്ഷിയായി റംല ബീവി ഇവിടെയുണ്ട്. മനുഷ്യരുടെ ജീവൻ മരണ പോരാട്ടങ്ങളുടെ നേർകാഴ്ചകൾക്ക് മുമ്പിൽ ഓരോ ജീവനും വിലപ്പെട്ടതാണെന്ന ഉൾവിളിയോടെ സമീപിക്കുകയും സേവനം നടത്തുകയും ചെയ്യുന്നു. നഴ്സിംങ് രംഗത്തെ അനുഭവങ്ങൾ ഓരോന്നും വിവരിക്കുക പ്രയാസമാണെന്നും കോവിഡ് മഹാമാരി ഓരോ ആരോഗ്യ പ്രവർത്തകരുടെയും ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണെന്നും റംല ബീവി പറഞ്ഞു. മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണെന്ന തിരിച്ചറിവ് ജനങ്ങൾക്കുവേണമെന്നും അതിനാൽ ജീവിതത്തിൽ ശാസ്ത്രീയവും ആരോഗ്യകരവുമായ നിലപാടുകളുണ്ടാവണമെന്നും 'നഴ്സസ് ദിന'ത്തിൽ അവർ നമ്മെ ഓർമപ്പെടുത്തുന്നു.
ഇന്ത്യയിലും സൗദിയിലുമായി മാനേജ്മെന്റ് ആൻഡ് ഫിനാൻസ് മേഖലയിൽ 37 വർഷം സേവനം ചെയ്ത ഭർത്താവ് യൂസുഫ് ഖാൻ ഇപ്പോൾ ജോലിയിൽനിന്ന് വിരമിച്ചു, കുടുംബ കാര്യങ്ങളിൽ വ്യാപൃതനാണ്. ഇരട്ട മക്കളിൽ മൂത്തവനായ ബിൻസാഗർ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജീനീയറിംങ് പൂർത്തിയാക്കി, നാട്ടിൽ ഇൻഫോർമേഷൻ സയൻസിൽ മാസ്റ്റേഴ്സും ഡാറ്റാ സയൻസിൽ സ്പെഷ്യലൈസും ചെയ്യുന്നു, ഒപ്പം അനുയോജ്യമായ തൊഴിലും തേടുന്നു. യു.കെയിൽ നിന്നും ബിസിനസ് മാനേജ്മെന്റ് ഡിപ്ലോമ കരസ്ഥമാക്കിയ രണ്ടാമനായ ബിൻയാമിൻ അൽ ഖർജിൽ ജോലിയും ഒരു വിദേശ യൂണിവേഴ്സിറ്റിയിൽ വിദൂര വിദ്യാഭ്യാസവും നടത്തുന്നു. ഇരുവരും അവിവാഹിതരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.