റിയാദ്: സൗദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുർആൻ, അദാൻ (ബാങ്ക് വിളി) മത്സരമായ ‘ഉത്ർ അൽ-കലാം’ ഫൈനൽ മത്സരത്തിന് റമദാൻ ഒന്നിന് തുടക്കമായി. 26 രാജ്യങ്ങളിൽനിന്നുള്ള 50 മത്സരാർഥികളാണ് ഫൈനൽ മത്സരത്തിന് യോഗ്യത നേടിയത്. നാല് വൻകരകളിലെ 165 രാജ്യങ്ങളിൽനിന്ന് അരലക്ഷത്തിലധികം പേരാണ് ഓൺലൈനായി നടന്ന ആദ്യ റൗണ്ടുകളിൽ പങ്കെടുത്തത്.
കഴിഞ്ഞ ജനുവരി നാലിന് ആരംഭിച്ച ഇലക്ട്രോണിക് യോഗ്യതാ ഘട്ടങ്ങൾ കടന്ന മത്സരാർഥികളാണ് മൂല്യനിർണയ കമ്മിറ്റി മുമ്പാകെ ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. എം.ബി.സി ടി.വിയുടെ ഷാഹിദ് ഡിജിറ്റൽ പ്ലാറ്റ് ഫോം ഇത് തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. മത്സരത്തിന്റെ സെക്രട്ടറി ജനറൽ ഡോ. ഫഹദ് അൽ-അന്ദസ്, ജനറൽ സൂപ്പർവൈസർ ശൈഖ് ആദിൽ അൽ-കൽബാനി, മൊറോക്കൻ പ്രസിഡന്റ് ഡോ. അബ്ദുറഹീം നബുൽസി എന്നിവർ ഈ വർഷത്തെ വിധികർത്താക്കളുടെ പാനലിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. വേദഗ്രന്ഥ പാരായണത്തിനും പ്രാർഥനക്കുള്ള ആഹ്വാനമായ ബാങ്കിനും സംയുക്തമായി ഒരേസമയം ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ഏക മത്സരമാണ് ഉത്ർ അൽ-കലാം. ഇസ്ലാമിക സംസ്കാരത്തിന്റെ സമ്പന്നതയും ഖുർആന്റെയും ബാങ്കിന്റെയും വ്യത്യസ്ത സ്വരരീതികളും പ്രതിഫലിപ്പിക്കുന്ന മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് 1.2 കോടി റിയാൽ വിലമതിക്കുന്ന സമ്മാനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.