ജിദ്ദ: 43ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിന്റെ സമാപന ചടങ്ങ് ബുധനാഴ്ച മക്ക ഹറമിൽ നടക്കും.
ആറ് ദിവസമായി തുടരുന്ന മത്സരത്തിൽ 111 മത്സരാർഥികളാണ് ഹറമിലെ ഫൈനൽ യോഗ്യത മത്സരത്തിന് യോഗ്യത നേടിയത്. 117 രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് പ്രാഥമിക യോഗ്യത മത്സരങ്ങളിൽ പങ്കെടുത്ത 116 ആളുകളിൽനിന്നാണ് 111 പേരെ തിരഞ്ഞെടുത്തത്. അവസാനഘട്ട യോഗ്യത മത്സരങ്ങൾ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സമാപിച്ചത്.
അവസാന യോഗ്യത മത്സര സെഷനിൽ ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഗിനി, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള നാല് മത്സരാർഥികളാണ് പങ്കെടുത്തത്. ഖുർആൻ മനഃപാഠമാക്കുന്നവരുടെ ഏറ്റവും വലിയ സംഗമത്തിൽ 117 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നുവെന്ന് മതകാര്യവകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് പറഞ്ഞു. മത്സരത്തിന്റെ അവസാന സെഷനിൽ മന്ത്രാലയം അതിന്റെ ശ്രമങ്ങൾ ഇരട്ടിയാക്കി. അവസാന യോഗ്യത മത്സരങ്ങളുടെ സമാപനത്തിൽ ഫലങ്ങളിൽ തിളക്കവും വ്യതിരിക്തതയും കൈവരിച്ചു. വിജയികൾക്കുള്ള സമ്മാനത്തുക 40 ലക്ഷം റിയാലാണ്. മത്സരത്തിന്റെ സംഘാടനത്തിലും വിധിനിർണയത്തിലും മത്സരാർഥികളെ പരിപാലിക്കുന്നതിലും ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങളാണ് പ്രയോഗിച്ചത്. വർക്കിങ് കമ്മിറ്റികൾക്കും ജൂറിക്കും മന്ത്രി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.