ദമ്മാം: വ്യവസായം, വിദ്യാഭ്യാസം എന്നിവയിലെ സുസ്ഥിര വികസനലക്ഷ്യവുമായി ദഹ്റാൻ കിങ് ഫഹദ് യൂനിവേഴ്സിറ്റിയിൽ ആദ്യ ആഗോള ഗവേഷണസംഘം പഠനഗവേഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ആധുനികരീതിയിൽ വികസന സ്വപ്നങ്ങളെ സ്വാംശീകരിക്കാൻ ആഗോളതലത്തിലെ പ്രഗത്ഭ കമ്പനികളുടെയും വിദഗ്ധരുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. പ്രഫ. ഉമർ യാഗിയാണ് സംഘത്തിന്റെ അധ്യക്ഷൻ.
പ്രതിബന്ധങ്ങളെ മറികടന്ന് ലോകത്തിന്റെ അടിസ്ഥാന വികസന ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഈ സംഘത്തിന് സഹായിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. 'ഡിജിറ്റൽ മെറ്റീരിയലുകൾ' എന്ന പേരിൽ ഗവേഷണ വസ്തുക്കളുടേതായ ഒരു പുതിയ വിഭാഗം കണ്ടെത്തുക എന്ന ആശയം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
'എയർ ഇക്കോണമി പ്രോഗ്രാം' എന്ന മറ്റൊരു ആശയവും ഇതിന്റെ ഭാഗമാണ്. നമുക്ക് ചുറ്റുമുള്ള വായു മണ്ഡലത്തെ ശുദ്ധവും പാവനവുമായി നിലനിർത്തുന്നതിനൊപ്പം ഊർജമേഖലയിലും വികസന മേഖലയിലും ഇതിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന പഠനവും നടക്കും.
അന്തരീക്ഷത്തിൽനിന്ന് ജലം ശേഖരിക്കുക, ആവശ്യമെങ്കിൽ അതിനെ മറ്റ് ഉയർന്ന മൂല്യമുള്ള വസ്തുക്കളോ ഇന്ധനങ്ങളോ ആക്കി മാറ്റുക, വായു ശുദ്ധീകരിക്കുക തുടങ്ങിയ നൂതന ആശയങ്ങളാണ് ആഗോള ഗവേഷണ സംഘത്തിന്റെ മുന്നിലുള്ളത്. അടിസ്ഥാന രസതന്ത്രവും മെറ്റീരിയൽ സയൻസും ഡിസൈൻ എൻജിനീയറിങ്ങും സമന്വയിപ്പിച്ച് വസ്തുക്കളെ പുതിയ രൂപത്തിലേക്ക് മാറ്റിസൂക്ഷിക്കുകയും നിലവിലുള്ളതിനേക്കാൾ മികച്ച പ്രായോഗിക യന്ത്രങ്ങളാക്കി മാറ്റാനുമുള്ള പരീക്ഷണങ്ങളും നടക്കും.
ഗവേഷണത്തിലും വികസനത്തിലും മുഴുവൻ സാധ്യതകളും എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ആഗോള ഗവേഷണസംഘം ആലോചിക്കുമെന്ന് യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. മുഹമ്മദ് അൽ-സഖാഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.