സൗദിയിൽ അന്താരാഷ്ട്ര യാത്രകൾക്കുള്ള വിലക്കുകൾ നാളെ നീക്കം ചെയ്യുന്നു; പ്രതീക്ഷയോടെ പ്രവാസികൾ

ജിദ്ദ: കോവിഡിനെ തുടർന്ന് ഒരു വർഷത്തോളമായി സൗദിയിൽ നിലനിൽക്കുന്ന താൽക്കാലിക അന്താരാഷ്ട്ര യാത്രാവിലക്കുകൾ നാളെ പിൻ‌വലിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ നടത്തിയിരുന്നു. നാളെ പുലർച്ചെ ഒരു മണിയോടെ രാജ്യത്തിൻറെ കര, ജല, വ്യാമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും. ഇതോടെ പ്രത്യേക മാനദണ്ഡങ്ങൾക്കനുസരിച്ച് സ്വദേശികൾക്കും പരിമിതമായ രാജ്യങ്ങളിലേക്ക് വിദേശികൾക്കും രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. ഇത്തരത്തിൽ യാത്ര ചെയ്യുന്നതിന് സ്വദേശികൾക്കുള്ള മാനദണ്ഡങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് ആഭ്യന്തര മന്ത്രാലയം നേരത്തെ നിഷ്കര്‍ഷിച്ചിട്ടുണ്ട്.

യാത്രക്കാർ കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസും കുത്തിവെച്ചവരോ ഒരു ഡോസെടുത്ത് 14 ദിവസങ്ങൾ പൂർത്തീകരിച്ചവരോ ആയിരിക്കണം. ഇക്കാര്യം തവക്കൽന ആപ്പ്ളിക്കേഷനിൽ അപ്ഡേറ്റ് ആയിരിക്കണം. കോവിഡ് അസുഖം ബാധിച്ച് ഭേദമായി ആറ് മാസം കഴിഞ്ഞവർ. ഇക്കാര്യവും തവക്കൽന ആപ്പ്ളിക്കേഷനിൽ അപ്ഡേറ്റ് ആയിരിക്കണം. 18 വയസിൽ താഴെ പ്രായമുള്ളവർ. ഇവർക്ക് യാത്ര ചെയ്യണമെങ്കിൽ കോവിഡിനെതിരെ സെൻട്രൽ ബാങ്ക് ഓഫ് സൗദി അറേബ്യ അംഗീകരിച്ച ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം. രാജ്യത്തിന് പുറത്തുപോയി തിരിച്ചു വരുന്ന എട്ട് വയസിന് മുകളിൽ പ്രായമുള്ളവരെല്ലാം സൗദിയിലെത്തി ഏഴ് ദിവസങ്ങൾ വീട്ടിൽ ക്വാറന്റീൻ പൂർത്തിയാക്കുകയും ശേഷം പി.സി.ആർ കോവിഡ് പരിശോധന നടത്തുകയും വേണം. സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങി ആരോഗ്യ മന്ത്രാലയം നിഷ്കർഷിക്കുന്ന എല്ലാ മുൻകരുതലുകളും പാലിച്ചുകൊണ്ടായിരിക്കണം യാത്ര ചെയ്യേണ്ടതെന്നും കോവിഡ് മഹാമാരി ഏറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് സൂക്ഷിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സ്വദേശികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ അന്താരാഷ്ട്ര യാത്രാവിലക്ക് എടുത്തു കളയുമ്പോൾ രാജ്യത്തുള്ള വിദേശികളുടെ യാത്രാ മാനദണ്ഡങ്ങൾ എന്തൊക്കെയായിരിക്കുമെന്നോ നിലവിൽ ഇന്ത്യ ഉൾപ്പെടെ യാത്രാ വിലക്കുള്ള 20 രാജ്യങ്ങളിലേക്ക് നാളെ മുതൽ സാധാരണ നിലക്കുള്ള യാത്രാനുമതി ഉണ്ടാവുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം യാത്രാനിരോധനം ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തുന്ന വിദേശികൾക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ (ഹോട്ടൽ താമസം) നിർബന്ധമാക്കിയിട്ടുണ്ട്. ഈ മാസം 20 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരിക. സ്വദേശികളോടൊപ്പം തന്നെ കോവിഡിനെതിരെയുള്ള കുത്തിവെപ്പെടുത്തവര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, നയതന്ത്ര സ്ഥാപനത്തിന് കീഴിൽ വിസയുള്ളവർ, അവരുടെ കുടുംബാംഗങ്ങൾ, വിമാന ജോലിക്കാർ, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കപ്പല്‍ ജീവനക്കാര്‍, അതിര്‍ത്തി കടന്നെത്തുന്ന ചരക്ക് വാഹനങ്ങളിലെ ട്രക്ക് ഡ്രൈവര്‍മാർ, അവരുടെ സഹായികള്‍ എന്നിവര്‍ക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്.

ഈ ഗണത്തിൽ പെടാത്ത എട്ട് വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും യാത്രയുടെ 72 മണിക്കൂറിനുള്ളിൽ എടുത്ത, അംഗീകാരമുള്ള കോവിഡ് പി.സി.ആർ പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ സൗദിയിലെത്തിയാൽ ഹാജരാക്കേണ്ടതുണ്ട്. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിർബന്ധമാക്കിയവർ വിമാന ടിക്കറ്റിനോടൊപ്പം ഹോട്ടല്‍ ബുക്കിങിനുള്ള തുക കൂടി അടക്കേണ്ടതുണ്ട്. സന്ദർശക വിസക്കാരാണെകിൽ കോവിഡ് ഇന്‍ഷുറന്‍സിനുള്ള തുകയും അടക്കണം. സൗദി ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലുകളില്‍ മാത്രമേ ക്വാറന്റീൻ അനുവദിക്കൂ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ വിലക്കില്ലാത്ത മറ്റു രാജ്യങ്ങളിൽ 14 ദിവസങ്ങൾ ക്വാറന്റീൻ പൂർത്തിയാക്കി സൗദിയിലെത്തിയാലും മേൽപറഞ്ഞ നിബന്ധനകൾ അവർക്കും ബാധകമാണ്. എന്നാൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി എത്തുന്നവർക്കാണ് ഇത്തരം നിബന്ധനകൾ ബാധകമാക്കിയിരിക്കുന്നത്. കര മാർഗം രാജ്യത്തെത്തുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ഉൾപ്പെടെയുള്ള നിബന്ധനകൾ ഉണ്ടോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. അന്താരാഷ്ട്ര യാത്രകൾക്കുള്ള വിലക്കുകൾ നീക്കം ചെയ്തു സർവിസുകൾ സാധാരണ നിലയിലേക്ക് ആയെങ്കിൽ മാത്രമേ നിയമങ്ങളിലുള്ള കൂടുതൽ വ്യക്തത വരികയുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.