റിയാദ്: സൗദി അറേബ്യയിലെ സാമൂഹിക സാംസ്കാരിക സംഘടനയായ ‘ദിശ’ സംഘടിപ്പിക്കുന്ന 'യോഗ മീറ്റ് 2023' വെള്ളിയാഴ്ച റിയാദിൽ നടക്കും. സൗദി കായിക മന്ത്രാലയത്തിന് കീഴിലുള്ള ഒളിമ്പിക് കമ്മിറ്റിയുടെ ഭാഗമായ സൗദി യോഗ കമ്മിറ്റിയുടെയും റിയാദ് ഇന്ത്യൻ എംബസിയുടെയും വ്യവസായ ശൃംഖലയായ ഇറാം ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് ‘ദിശ യോഗ മീറ്റ് 2023’ യോഗ സംഗമം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ റിയാദിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
റിയാദിലെ റിയൽ മാൻഡ്രിഡ് അക്കാദമി സ്കൂൾ സ്റ്റേഡിയമാണ് വേദി. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ യോഗ മീറ്റ് ഉദ്ഘാടനം ചെയ്യും. സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അൽ മാർവായി മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എംബസികളിൽനിന്നുള്ള അംബാസഡർമാർ, സൗദി യോഗ കമ്മിറ്റി സി.ഐ.ഒ അഹമ്മദ് അൽസാദി, ഇറാം ഗ്രൂപ് സി.എം.ഡിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഡോ. സിദ്ദിഖ് അഹമ്മദ്, അറബ് യോഗ ഫൗണ്ടേഷൻ പ്രതിനിധി ലമീസ് അൽസിദ്ദിഖ്, സലാം കൾചറൽ പ്രോജക്ട് പ്രതിനിധി ഡോ. യാസർ ഫരജ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. യോഗദിന ആഘോഷങ്ങൾ ഏകോപിപ്പിക്കാൻ സൗദിയുടെ മൂന്ന് മേഖലകളിൽ വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
റിയാദിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ കനകലാൽ കൺവീനറായും രാജേഷ് മൂലവീട്ടിൽ കോ-കൺവീനറായും 43 അംഗ കമ്മിറ്റി നിലവിലുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതൽ യോഗ ഗ്രൗണ്ടിലേക്ക് പ്രവേശനം ആരംഭിക്കും. ഏഴു മുതൽ പരിപാടികൾക്ക് തുടക്കമാകും. യു.എൻ അംഗീകരിച്ച യോഗാ പ്രോട്ടോകോൾ പ്രകാരം മാസ് യോഗ സെഷൻ, കുട്ടികളുടെ യോഗാഭ്യാസം, യോഗ വിഷയമാക്കികൊണ്ടുള്ള കലാപരിപാടികൾ തുടങ്ങിയവ മീറ്റിന്റെ ഭാഗമായി അരങ്ങേറും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി രജിസ്ട്രേഷൻ ഫോം പുറത്തിറക്കിയിട്ടുണ്ട്.
ദിശ സൗദി നാഷനൽ പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ കനകലാൽ, റിയാദ് മേഖല ജനറൽ സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ, കോ-കൺവീനറും റിയാദ് മേഖല കോർഡിനേറ്ററുമായ രാജേഷ് മൂലവീട്ടിൽ, ഫിനാൻസ് കമ്മിറ്റി കൺവീനർ അജേഷ്, ഇറാം ഗ്രൂപ് റീജനൽ ഹെഡ് ഇർഫാൻ അഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.