ദമ്മാം: യമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന് ഔദ്യോഗിക തലത്തിൽ തന്നെ ജാഗ്രതയും വേഗതയുമുള്ള ഇടപെടലുകളും ആവശ്യമാണെന്ന് കേരള നദ്വത്തുൽ മുജാഹിദ്ദീൻ (കെ.എൻ.എം) വൈസ് പ്രസിഡൻറും മുൻ വഖഫ് ബോർഡ് അംഗവുമായ ഡോ. ഹുസൈൻ മടവുർ പറഞ്ഞു. ഹ്രസ്വ സന്ദർശനാർഥം എത്തിയ അദ്ദേഹം അൽഖോബാറിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന നീക്കങ്ങൾ ആശാവഹമാണ്. എന്നാൽ അതിന് ഔദ്യോഗിക ഭാവവും ഒപ്പം അൽപം വേഗതയിലുമുള്ള നിക്കവുമാണ് ആവശ്യം. അല്ലാത്ത പക്ഷം ഇടപെടലുകൾ പ്രയോജനപ്പെടാതെ പോയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഫാഷിസ്റ്റ് അക്രമങ്ങളെ അതേ രീതിയിലല്ല ചെറുക്കേണ്ടത്. മറിച്ച് ജനാധിപത്യ വിശ്വാസികളായ മുഴുവൻ സമുദായങ്ങളേയും കൂട്ടിയോജിപ്പിച്ചുകൊണ്ടാവണം. അതേസമയം ചില മതനേതാക്കന്മാരെങ്കിലും സമുദായങ്ങളെ അഭിസംബോധനചെയ്യുമ്പോൾ അപര സമൂഹങ്ങളെക്കുറിച്ച് വെറുപ്പ് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത് ദുഃഖകരമാണന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ചേരികൾ ഇടിച്ചുനിരത്താൻ ശ്രമിച്ച ഭരണകൂട നടപടികളെ നിലക്കുനിർത്താൻ നീതിപീഠവും പൊതുസമൂഹവും ഒന്നിച്ച് നിന്നത് പ്രതീക്ഷാനിർഭരമാണ്. ധാർമികത നഷ്ടപ്പെടാത്ത ഇത്തരം നേതാക്കളും മാധ്യമങ്ങളും തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് ബോർഡ് നിയമനകാര്യത്തിൽ മുസ്ലീം സംഘടനകൾ ഒരേ സ്വരത്തിൽ തന്നെ പി.എസ്.സിക്ക് വിട്ട നടപടിയെ എതിർത്തിട്ടുണ്ട്. സംസ്ഥാനത്തിന് ഈ കാര്യത്തിൽ ഒരു പിടിവാശിയുമില്ലെന്ന മുഖ്യ മന്ത്രിയുടെ ഉറപ്പ് പ്രതീക്ഷ നൽകുന്നതാണ്.
അതേസമയം ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലുമായി 30 ഓളം വഖഫ് ബോർഡുകളുണ്ട്. അതിലൊന്നും എടുക്കാത്ത ഒരു തീരുമാനം എന്തിന് കേരളം പിന്തുടരുന്നു എന്നാതണ് ചോദ്യം. വഖഫ് ബോർഡിന് ശമ്പളം കൊടുക്കുന്നത് സർക്കാരല്ല. മാത്രമല്ല നിലവിലെ ജീവനക്കാരെ നിയമിക്കുന്നതും ജനാധിപത്യരീതിയിലുള്ള ബോഡിയാണ്. കഴിവുള്ളവരാണെന്ന് ഈ ജീവനക്കാരൊക്കെ തെളിയിച്ചതുമാണ്. സർക്കാർ ശമ്പളം നൽകുന്ന പലയിടങ്ങളിലും പി.എസ്.സി നിയമനം നടത്താതെയാണ് ഇത്തരം ഇടപെടലെന്നതാണ് സംശയാസ്പദമെന്നും മുൻ വഖഫ് ബോർഡ് അംഗം കൂടിയായ അദ്ദേഹം ആരോപിച്ചു.
ലൗ ജിഹാദ് ഉപയോഗിച്ച് തേഞ്ഞുപോയ ആയുധമണെന്ന് അത് അജണ്ടയാക്കിയവർക്ക് തന്നെ മനസിലായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വിദ്വേഷം പടർത്താൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ അതിനെതിരെയുള്ള മറ്റൊരു സൗഹൃദ ലോകം വളർന്നു വരുന്നുണ്ട്. എറണാകുളം കേന്ദ്രമായി വിവിധ മതനേതാക്കന്മാരും പ്രമുഖരും സമന്വയിപ്പിക്കുന്ന കൂട്ടത്തിന് കഴിഞ്ഞ ആഴ്ച തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.