റിയാദ്: ഇന്ത്യ അടക്കം സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി സന്ദർശന വിസ എന്നിവയുടെ കാലാവധി നവംബർ വരെ സൗജന്യമായി പുതുക്കി നൽകുമെന്ന വാർത്ത നാട്ടിൽ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ ഉത്തരവ് പ്രകാരമാണ് നടപടി. മുമ്പ് പല തവണകളായി ഇഖാമയും റീ-എൻട്രിയും പുതുക്കി നൽകിയിരുന്നു. സെപ്റ്റംബർ 30 വരെയായിരുന്നു നിലവിൽ ഇവയുടെ കാലാവധി. ഇതാണ് രണ്ടുമാസം കൂടി സൗജന്യമായി പുതുക്കി നവംബർ 30 വരെയാക്കിയാണ് ഉത്തരവ് ഇറക്കിയത്. യാത്രാവിലക്ക് കാരണം നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഈ ആനുകൂല്യം മുഖേന സൗദിയിലേക്ക് മടങ്ങാൻ കഴിയും.
പലരുടെയും ഇഖാമ, റീ-എൻട്രി കാലാവധികൾ പലതവണ കഴിഞ്ഞിരുന്നെങ്കിലും ഇത്തരത്തിൽ രാജകാരുണ്യം കാരണം വീണ്ടും വീണ്ടും പുതുക്കി ലഭിക്കുകയായിരുന്നു. ഇതാണ് ഇവർക്ക് സൗദിയിലേക്ക് മടങ്ങാൻ വഴിയൊരുങ്ങുന്നത്. നിലവിൽ സൗദിയിൽ നിന്ന് രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർ ഇന്ത്യയിൽനിന്ന് നേരിട്ട് സൗദിയിലേക്ക് മടങ്ങുന്നുണ്ട്. ഉടൻ ആദ്യ ഡോസ് സൗദിയിൽ നിന്നും രണ്ടാം ഡോസ് ഇന്ത്യയിൽനിന്നും സ്വീകരിച്ചവർക്കും രണ്ടു ഡോസും ഇന്ത്യയിൽനിന്നു സ്വീകരിച്ചവർക്കും അനുകൂലമായ യാത്രാ തീരുമാനം വരും എന്ന പ്രതീക്ഷയിലാണ് ആയിരത്തോളം വരുന്ന പ്രവാസികൾ. ഇവരുടെ കാത്തിരിപ്പിന് ഏറെ ആശ്വാസമായി നവംബർ 30 വരെ രേഖകൾ പുതുക്കാനുള്ള ഉത്തരവ്. സൗദി പാസ്പോർട്ട് (ജവാസാത്ത്) വിഭാഗമാണ് കഴിഞ്ഞ ദിവസം ഈ വിവരം പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.