റിയാദ്: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ശിഫ ഇസ്ലാഹി സെൻറർ പ്രസിഡൻറ് മുഹമ്മദ് അലിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. 18 വർഷമായി സൗദി ഇസ്ലാമിക മന്ത്രാലയത്തിന് കീഴിലുള്ള ശിഫ ഇസ്ലാമിക് ദഅവ സെൻററിലെ ജീവനക്കാരനായിരുന്നു അലി. ശിഫ ഏരിയയിലെ മലയാളികളുടെ സാമൂഹിക - സാംസ്കാരിക പ്രവർത്തനങ്ങളെ ദഅവ സെൻററുമായി ബന്ധപ്പെടുത്തിയിരുന്ന ദഅവ സെൻററിെൻറ ജനകീയ മുഖമായിരുന്നു 'അലിക്ക'എന്ന് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് അലി.
സ്വന്തം ജോലിയോടൊപ്പം ചുറ്റുമുള്ള സമൂഹവുമായി ക്രിയാത്മകമായി ഇടപെടലുകൾ നടത്താനുള്ള സമയം കണ്ടെത്തണം എന്ന സന്ദേശമാണ് മുഹമ്മദ് അലി പ്രവാസലോകത്തെ പുതുതലമുറക്ക് നൽകുന്ന സന്ദേശമെന്ന് ഉപഹാരം സമർപ്പിച്ച റിയാദ് ഇസ്ലാഹി സെേൻറഴ്സ് കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അഷ്റഫ് രാമനാട്ടുകര പറഞ്ഞു.
മലയാളി പ്രബോധകരായി പ്രവർത്തിച്ചിരുന്ന അനവധി പണ്ഡിതന്മാരുമായുള്ള സഹവാസം ജീവിതത്തിലെ സുവർണ കാലഘട്ടമാണെന്ന് മറുപടി പ്രസംഗം നടത്തിയ മുഹമ്മദലി പറഞ്ഞു. മുഹമ്മദ് കുട്ടി മൗലവി കടന്നമണ്ണ, എം.ഐ. മുഹമ്മദ് അലി സുല്ലമി, കോയക്കുട്ടി ഫാറൂഖി, എൻ.വി. സകരിയ്യ സുല്ലമി, അബ്ദുൽ ലത്തീഫ് സുല്ലമി മാറഞ്ചേരി, യാസർ പകര, മുബാറക് സലഫി തുടങ്ങിയ ശിഫ ഇസ്ലാമിക് സെൻററിലെ മലയാളി പ്രബോധകരുടെ പേരുകൾ അദ്ദേഹം അനുസ്മരിച്ചു. മലപ്പുറം രണ്ടത്താണിക്കടുത്ത് പൂവ്വൻചിറയിൽ പുത്തൻ പീടിയേക്കൽ വീട്ടിലാണ് മുഹമ്മദ് അലി സ്ഥിര താമസം.
സുലൈഖയാണ് ഭാര്യ. സൈനുൽ ആബിദ്, അബ്ദൽ അമീർ, മുഹമ്മദ് നിസാർ, മുഹമ്മദ് ജാബിർ എന്നിവരാണ് മക്കൾ. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷെൻറ ഭാഗമായി സൗദിയുടെ വിവിധ ഭാഗങ്ങളിലെ പ്രവാസികൾക്കിടയിൽ മത-സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഇസ്ലാഹീ സെൻററുകൾ പ്രവാസി മലയാളികൾക്ക് സഹായകമായി പ്രവർത്തിക്കുകയാണ്. ഇതിൽ റിയാദിലെ ശിഫ മേഖലയിലെ പ്രവർത്തങ്ങൾക്ക് ദീർഘകാലമായി നേതൃത്വം നൽകിയത് മുഹമ്മദ് അലി ആയിരുന്നു.
റിയാദ് ഇസ്ലാഹി സെേൻറഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ നടന്നുവരുന്ന പഠന സംരംഭമായ 'ഖുർആൻ ഹദീസ് ലേണിങ് കോഴ്സ്'(ക്യു.എച്ച്.എൽ.സി), വാരാന്ത്യ ഖുർആൻ ക്ലാസ്, ദഅവ വിങ്, നിച് ഓഫ് ട്രൂത്ത്, പുണ്യം കാരുണ്യ പദ്ധതി തുടങ്ങിയ നിരവധി പ്രവർത്തന പദ്ധതികളുടെ ശിഫ ഏരിയ കോഓഡിനേഷൻ നിർവഹിച്ച് വരുകയായിരുന്നു അദ്ദേഹം.
ബത്ഹ ഇസ്ലാഹി സെൻറർ ഹാളിൽ നടന്ന യാത്രയയപ്പ് യോഗം അഷ്റഫ് രാമനാട്ടുകര, എൻജി. അബ്ദുറഹീം എന്നിവർ നിയന്ത്രിച്ചു. അബ്ദുറഹ്മാൻ വയനാട്, അബ്ദുൽ മജീദ് തിരുവനന്തപുരം, ഷനോജ് അരീക്കോട്, ബഷീർ കുപ്പോടൻ എന്നിവർ സംസാരിച്ചു. ആർ.ഐ.സി.സി കൺവീനർ ഉമർ ശരീഫ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.