ജിദ്ദ: ഗസ്സയിലെ ജനതക്കെതിരെ ഇസ്രായേൽ അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണം തടയുന്ന കാര്യത്തിൽ യു.എൻ സുരക്ഷാസമിതി പരാജയപ്പെടുന്നത് അതീവ ദുഃഖകരമാണെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിതല എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിനൊടുവിൽ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾ തടയാനുള്ള കഴിവില്ലായ്മയിൽ ഐക്യരാഷ്ട്രസഭയോട് ഖേദിക്കുന്നു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിലും പ്രതിരോധമില്ലാത്ത സാധാരണക്കാരെ സംരക്ഷിക്കുന്നതിലും സുരക്ഷാസമിതിക്ക് ഒന്നും ചെയ്യാനാവില്ല എന്ന് തെളിയുന്നത് ഞെട്ടിക്കുന്നതാണ്.
ഗസ്സയിലെ സ്ഥിതി അതിദയനീയമാണ്. ഭക്ഷണത്തിനും മരുന്നുകൾക്കുമുൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഉടൻ പിൻവലിക്കണം. ഫലസ്തീനിലെ അധിനിവിഷ്ട പ്രദേശങ്ങളിലുടനീളം ജനങ്ങൾക്കുനേരെ ഇസ്രായേൽ നിരന്തരം ക്രൂരമായ ആക്രമണം അഴിച്ചുവിടുകയാണ്. വംശഹത്യക്ക് തുല്യമായ ഇതിനെ ശക്തമായി അപലപിക്കുന്നു. ഏതെങ്കിലും കാരണത്താൽ സിവിലിയന്മാരെ ലക്ഷ്യംവെക്കുന്നതിനോ സ്വന്തം വീടുകളിൽനിന്ന് പുറത്താക്കുന്നതിനോ നടത്തുന്ന ആഹ്വാനങ്ങളെ പൂർണമായും തള്ളിക്കളയുന്നു.
ഗസ്സയിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതിന് മാനുഷിക ഇടനാഴികൾ തുറക്കണം. മാനുഷിക, മെഡിക്കൽ സഹായങ്ങളും ദുരിതാശ്വാസ വസ്തുക്കളും വെള്ളവും വൈദ്യുതിയും നൽകാൻ ഇത്തരത്തിൽ സുരക്ഷിതമായ മാർഗങ്ങൾ തുറക്കാൻ എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും ഒത്തൊരുമിച്ചുനിന്ന് പ്രവർത്തിക്കണം. സഹായമെത്തിക്കാൻ യു.എൻ സംഘടനകളുടെ പ്രത്യേകിച്ച് യു.എൻ.ആർ.ഡബ്ല്യു.എ പോലുള്ളവയുടെ ശ്രമങ്ങളെ പിന്തുണക്കുന്നു. പട്ടിണിയിലാക്കൽ, ജലദൗർലഭ്യം സൃഷ്ടിക്കൽ, ഇന്ധനലഭ്യത തടയൽ, പവർ പ്ലാന്റ് പ്രവർത്തനം നിർത്തൽ, സിവിലിയന്മാരെ ലക്ഷ്യമിട്ട് ആക്രമണം അഴിച്ചുവിടുക, കൂട്ടക്കൊല നടത്തുക തുടങ്ങിയ നയം ഇസ്രായേൽ തുടർന്നാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.
നൂറുകണക്കിന് രോഗികളും പരിക്കേറ്റവരും നാടുകടത്തപ്പെട്ടവരുമായ നിരപരാധികളെ കൊല്ലുകയും മുറിവേൽപിക്കുകയും ചെയ്ത ഗസ്സയിലെ അൽഅഹ്ലി ആശുപത്രിയിലുണ്ടായ ഇസ്രായേൽ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത് യുദ്ധക്കുറ്റമാണ്. വംശഹത്യയാണ്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ, ധാർമികത തുടങ്ങിയവയുടെ നഗ്നമായ ലംഘനമാണ്. ഫലസ്തീൻ ജനതക്കും മുഴുവൻ മനുഷ്യരാശിക്കുമെതിരായ ഹീനമായ യുദ്ധക്കുറ്റങ്ങൾ ചെയ്യുന്ന ഇസ്രായേലിനെ പ്രതിക്കൂട്ടിലാക്കാനും ഈ കൂട്ടക്കൊല അവസാനിപ്പിക്കാനും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഒ.ഐ.സി യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
ഗസ്സയിൽ ബോംബാക്രമണത്തിലും ഉപരോധത്തിലും പട്ടിണിയിലും വൈദ്യുതിയോ ഭക്ഷണമോ ശുദ്ധജലമോ ഇല്ലാതെ തുറന്നുകാട്ടപ്പെടുന്ന യഥാർഥ ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം അധിനിവേശശക്തിയായ ഇസ്രായേലിനാണ്. എല്ലാ സിവിലിയന്മാരുടെയും ജീവൻ സംരക്ഷിക്കേണ്ടതുണ്ട്. അവരെ ഒരു തരത്തിലും ലക്ഷ്യംവെക്കരുത്. കാരണം ഇത് അന്താരാഷ്ട്ര നിയമങ്ങൾക്കും ദൈവിക നിയമങ്ങൾക്കും എതിരാണ്. ഗസ്സയിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ആഹ്വാനങ്ങളെ തള്ളുന്നു. ഫലസ്തീൻ ജനതക്ക് സ്വന്തം ഭൂമിയിൽ ജീവിക്കാനുള്ള അവകാശത്തിനും അവിടത്തെ അവരുടെ സ്ഥിരതക്കും വേണ്ടി ഒ.ഐ.സി ഉറച്ചുനിൽക്കും.
റിയാദ്: ഫലസ്തീൻ ജനതക്കെതിരായ ക്രൂരവും പ്രാകൃതവുമായ ആക്രമണം അവസാനിപ്പിക്കാൻ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കുന്നതിന് ഐക്യരാഷ്ട്ര സഭ ഇനിയും വൈകരുത്. സുരക്ഷാസമിതി സ്വന്തം ഉത്തരവാദിത്തങ്ങൾ മറക്കരുതെന്നും ഒ.ഐ.സി പ്രമേയത്തിൽ ആവശ്യപ്പെട്ടു.
അൽഅഖ്സ മസ്ജിദിന്റെയും ജറൂസലമിലെ പുണ്യസ്ഥലങ്ങളുടെയും പവിത്രത പൂർണമായി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജറൂസലമിലെ വിശുദ്ധ സ്ഥലങ്ങളുടെ പദവിയും പവിത്രതയും ലംഘിക്കുന്നത് തടയണം.
രാഷ്ട്രീയവും സാമ്പത്തികവും ഉൾെപ്പടെ എല്ലാ തലങ്ങളിലും ഫലസ്തീൻ ഭരണകൂടത്തിന് ഒ.ഐ.സി പൂർണമായ പിന്തുണ നൽകുന്നു. ക്രൂരമായ ആക്രമണത്തെ പിന്തുണക്കുന്ന അന്താരാഷ്ട്ര നിലപാടുകളെ ശക്തമായി അപലപിക്കുന്നു. ഇത് ഇസ്രായേലിന് പ്രതിരോധവും സംഘർഷത്തിന് ഇന്ധനവുമാണ് നൽകുന്നത്. ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുകയും ഫലസ്തീൻ ജനതയുടെ അനിഷേധ്യമായ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും കൈവരിക്കാനാകുകയുള്ളൂ. 1967ൽ ആരംഭിച്ചതാണ് നിയമവിരുദ്ധമായ ഇസ്രായേൽ അധിനിവേശം. അതിനിയും അനുവദിക്കാനാവില്ല. എത്രയും വേഗം അവസാനിപ്പിക്കണം. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാൻ ലോകനേതാക്കൾ ഉത്തരവാദപരമായ ഇടപെടൽ നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.