ജിദ്ദ: അൽഅഖ്സ പള്ളിക്കുനേരെയുള്ള ഇസ്രായേൽ അതിക്രമം ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരായ കുറ്റമായാണ് കണക്കാക്കുന്നതെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ പറഞ്ഞു. അൽഅഖ്സ പള്ളിക്കുനേരെ തുടർച്ചയായി ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ജിദ്ദ ഒ.ഐ.സി ആസ്ഥാനത്ത് ചേർന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അസാധാരണ അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇസ്രായേൽ അതിക്രമം. ആക്രമത്തിനും പിരിമുറുക്കത്തിനും ആക്കംകൂട്ടാനും മേഖലയിലെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താനും സാധ്യതയുണ്ട്. മുസ്ലിംകൾക്ക് മാത്രമുള്ള ആരാധനാലയമെന്ന നിലയിൽ അൽഅഖ്സ പള്ളിയുടെ ചരിത്രപരവും നിയമപരവുമായ സ്ഥിതി സംരക്ഷിച്ചുകൊണ്ട് ഗുരുതരമായ ഈ ലംഘനം അവസാനിപ്പിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കുന്ന അന്താരാഷ്ട്ര ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധിനിവേശ നഗരമായ ജറൂസലമിലെ ഇസ്രായേൽ നയങ്ങളെ ആശങ്കയോടെയാണ് ഒ.ഐ.സി കാണുന്നത്. തുടർച്ചയായ അതിക്രമം അധിനിവേശ ജറൂസലമിലെ ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ സാഹചര്യം മാറ്റുന്നതിനും അതിന്റെ അറബ്, ഇസ്ലാമിക സ്വത്വം ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നടപടിയാണ്. മുസ്ലിംകളുടെ പവിത്രമായ സ്ഥലങ്ങൾ, പ്രത്യേകിച്ച് അൽഅഖ്സ പള്ളിയുടെ കവാടങ്ങൾ അടക്കുകയും ആരാധകരെ ആക്രമിക്കുകയും ചെയ്യുന്നു. പള്ളിയിലേക്ക് വരുന്നത് തടയുന്നു. ഇതെല്ലാം നടത്തുന്നത് അധിനിവേശ സേനയുടെ സംരക്ഷണത്തിൽ തീവ്രവാദ കുടിയേറ്റക്കാരും മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥരും ചേർന്നാണ്. തീവ്ര ഇസ്രായേലി ദേശീയ സുരക്ഷ മന്ത്രി ഇതാമർ ബെൻ ഗ്വിറിന്റെ അൽഅഖ്സ പള്ളിയിലേക്കുള്ള കടന്നുകയറ്റം പ്രകോപനപരമാണെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
അൽഅഖ്സ പള്ളി വിഷയത്തിൽ അന്താരാഷ്ട്ര നേതാക്കളുമായി ഒ.ഐ.സി ബന്ധപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സംഘടനയുടെ നിലപാട് അറിയിച്ചിട്ടുണ്ട്. അൽഅഖ്സ പള്ളിക്കെതിരായ ഗുരുതര ലംഘനം അവസാനിപ്പിക്കാൻ ഇസ്രായേലിൽ സമ്മർദം ചെലുത്താൻ അവരെ പ്രേരിപ്പിക്കാൻ ഐക്യരാഷ്ട്രസഭയോടും യൂറോപ്യൻ യൂനിയനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെക്രട്ടറി ജനറൽ വിശദീകരിച്ചു. അധിനിവേശ ജറൂസലമിനെ സംരക്ഷിക്കുന്നതിനായി ഒ.ഐ.സിയുടെ രാഷ്ട്രീയ, സാമ്പത്തിക, മാധ്യമസംഘടനകളെ അണിനിരത്താനും ശ്രമങ്ങൾ ഇരട്ടിപ്പിക്കാനും ആഹ്വാനംചെയ്തു. ഇസ്രായേലി യഹൂദവത്കരണ പദ്ധതികൾക്ക് മുന്നിൽ ജനങ്ങളെ പിന്തുണച്ച് അവകാശം സംരക്ഷിക്കാൻ ശ്രമിക്കണമെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.