റിയാദ്: ഇരുഹറമുകൾക്കും ലോകത്തിെൻറ വിവിധഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർക്കും സേവനം ചെയ്യാനുള്ള അവസരം ബഹുമതിയാണെന്നും അത് ലഭിച്ചതിൽ സൗദി അറേബ്യ അഭിമാനിക്കുന്നുവെന്നും ഭരണാധികാരി സൽമാൻ രാജാവ്. ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വൻ വിജയമാക്കാൻ മഹത്തായ സംഭാവന നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. രോഗങ്ങളും പകർച്ചവ്യാധികളുമില്ലാതെ ആരോഗ്യകരമായ അന്തരീക്ഷത്തിൽ ഈ വർഷത്തെ ഹജ്ജ് നടന്നതിൽ സർവശക്തനായ ദൈവത്തിന് രാജാവ് സ്തുതിയർപ്പിച്ചു.
ഹജ്ജ് പ്രവർത്തന പദ്ധതി തയാറാക്കുന്നതിലും നടപ്പാക്കുന്നതിലും കാട്ടിയ ശുഷ്‌കാന്തിയെ പ്രകീർത്തിച്ച സൽമാൻ രാജാവ് സുരക്ഷ, പ്രതിരോധ, സംഘടന, ആരോഗ്യം, സേവന, ഗതാഗത വകുപ്പുകൾ തികഞ്ഞ ഏകോപനത്തോടെ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ള തീർഥാടകരുടെ എണ്ണത്തിലേക്ക് എത്താൻ ഇതിടയാക്കി. ആധ്യാത്മികതയും സമാധാനവും നിറഞ്ഞ വിശ്വാസദീപ്തമായ അന്തരീക്ഷത്തിൽ ഹജ്ജ് കർമങ്ങൾ സുഗമമായും സുഖകരമായും നിർവഹിക്കാൻ വഴിയൊരുക്കപ്പെട്ടത് ദൈവകൃപയെണെന്ന് അദ്ദേഹം അനുസ്മരിച്ചു.
രണ്ട് വിശുദ്ധ പള്ളികളെയും ഹജ്ജ്, ഉംറ തീർഥാടകരെയും സന്ദർശകരെയും സേവിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ലോകം നൽകുന്ന ഈ ബഹുമതി ഞങ്ങളെ സംബന്ധിച്ച് വലിയ ഒരു ഉത്തരവാദിത്തമാണ്. അത് നിറവേറ്റാൻ ഭൗതികമായ എല്ലാ കഴിവുകളും മനുഷ്യവിഭവങ്ങളും ഞങ്ങൾ വിനിയോഗിച്ചു -അദ്ദേഹം പറഞ്ഞു. അതേസമയം വിജയകരമായ ഹജ്ജ് ഓപറേഷനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളും സർക്കാർ, സ്വകാര്യ ഏജൻസികളും നടത്തിയ ശ്രമങ്ങളെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിച്ചു.
ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫിന് അയച്ച സന്ദേശത്തിലാണ് സൽമാൻ രാജാവും കിരീടാവകാശിയും ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹജ്ജ് സീസൺ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന ആഭ്യന്തര മന്ത്രി, പുണ്യസ്ഥലങ്ങൾ നിലകൊള്ളുന്ന പ്രദേശങ്ങളിലെ ഗവർണർമാർ, സുപ്രീം ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, വിവിധ സുരക്ഷാവിഭാഗം മേധാവികൾ, സർക്കാർ- സ്വകാര്യ ഏജൻസികളിലെ ജീവനക്കാർ എല്ലാവർക്കും കിരീടാവകാശി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.