റിയാദ്: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്കും സൗദി അറേബ്യക്കുമിടയിൽ നിർത്തിവെച്ച റെഗുലർ വിമാന സർവിസ് പുനരാരംഭിക്കുന്നത് വൈകും. ഇന്ത്യയിൽ കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിലാണിത്. സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് വന്ദേഭാരത് മിഷന് കീഴിലെ വിമാനങ്ങളും ചാർേട്ടഡ് വിമാനങ്ങളും നടത്തുന്ന സർവിസുകൾ തുടരും. ഇന്ത്യയിൽ നിന്ന് തിരിച്ച് അത്തരത്തിലുള്ള സർവിസുകൾക്കൊന്നും അനുവാദമില്ല. അന്താരാഷ്ട്ര വിമാന സർവിസിനുള്ള വിലക്ക് സൗദി അറേബ്യ സെപ്റ്റംബർ 15 മുതൽ ഭാഗികമായി നീക്കിയെങ്കിലും ഇന്ത്യയിൽനിന്നുള്ളതിന് അത് ബാധകമാകില്ല. ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യോമഗതാഗതം സാധാരണ നിലയിലാവും എന്ന പ്രതീക്ഷയാണ് ഇതോടെ അസ്തമിക്കുന്നത്. ഇന്ത്യയിൽ കഴിയുന്ന സൗദി തൊഴിൽ വിസയുള്ളവരെല്ലാം ആകാംക്ഷയിലായിരുന്നു. ഇതിനിടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള മുഴുവൻ വിമാന സർവിസുകളും നിർത്തിവെക്കുന്നതായി വന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമായി.
സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ഗാക) പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സർക്കുലറിനെ അടിസ്ഥാനമാക്കിയായിരുന്നു കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളടക്കം വാർത്ത നൽകിയത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യ, ബ്രസീൽ, അർജൻറീന എന്നീ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നു എന്നായിരുന്നു സർക്കുലർ. ചൊവ്വാഴ്ച രാത്രി മുതലാണ് സമൂഹമാധ്യമങ്ങളിലിത് പ്രചരിച്ചത്. ഇതിെൻറ ആധികാരികത ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
സൗദി ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച വരെ ഗാക അവധിയായതിനാൽ ഒൗദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. പല വിമാന കമ്പനികളും വിശദീകരണം നൽകി. വന്ദേഭാരത് മിഷന് കീഴിൽ ഇന്ത്യയിലേക്ക് യാത്രക്കാരുമായി പറക്കാൻ സൗദി അറേബ്യ അനുവദിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യാഴാഴ്ച വ്യക്തമാക്കി. എന്നാൽ ഇന്ത്യയിൽനിന്ന് യാത്രക്കാരുമായി സൗദിയിലേക്ക് പോകില്ലെന്നും അവർ അറിയിച്ചു. സമാന രീതിയിൽ മറ്റു വിമാന കമ്പനികളും നിലപാടെടുത്തു.
സൗദിയിലേക്കുള്ള യാത്രക്കാർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് ബോർഡിങ് പാസ് അനുവദിക്കുന്നില്ല എന്ന കാരണത്താൽ യു.എ.ഇ വഴിയുള്ള കണക്ഷൻ വിമാനങ്ങളിലെ യാത്രക്കാരെ അവസാന നിമിഷം ഒഴിവാക്കിയിരുന്നു. സൗദിയിലേക്ക് നേരിട്ട് യാത്രക്കാരെ അയക്കേണ്ടെന്ന നിർദേശം സൗദി അധികൃതരിൽനിന്ന് ഇന്ത്യൻ അധികൃതർക്ക് ലഭിച്ചിട്ടുണ്ടാകണം എന്നാണ് കരുതുന്നത്. മറ്റ് ജി.സി.സി രാജ്യങ്ങളിലെത്തി 14 ദിവസം അവിടെ ക്വാറൻറീനിൽ കഴിഞ്ഞശേഷം സൗദിയിലെത്തുക എന്നത് മാത്രമാണ് സൗദിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മുന്നിലുള്ള ഏക മാർഗം. ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി അവസാനിക്കുന്നവർക്ക് സൗദിയിലെ അവരുടെ സ്പോൺസർമാർ മുഖേന പുതുക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.