റിയാദ്: 45,000 ഇരിപ്പിടങ്ങളുമായി റിയാദിൽ വമ്പൻ സ്റ്റേഡിയം നിർമിക്കുന്നു. ‘ജദീദ് അൽ മുറബ്ബ’ (ന്യൂ സ്ക്വയർ) എന്ന പേരിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ ഡിസൈൻ പുറത്തുവിട്ടു. സൗദി അറേബ്യയുടെ പൊതുനിക്ഷേപ നിധിക്ക് കീഴിൽ രൂപവത്കരിച്ച കമ്പനികളിലൊന്നായ ‘ന്യൂ മുറബ്ബ ഡെവലപ്മെൻറ് കമ്പനി’യാണ് ഈ സ്റ്റേഡിയം നിർമിക്കുന്നത്. കമ്പനി അധികൃതരാണ് ഡിസൈൻ പുറത്തുവിട്ടത്. റിയാദ് നഗരത്തോട് ചേർന്നുള്ള ഹനീഫ താഴ്വരയിൽ (വാദി ഹനീഫ) കാണപ്പെടുന്ന അക്കേഷ്യ മരത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തദ്ദേശീയ പ്രകൃതിയുടെ ആകൃതിക്കിണങ്ങുംവിധം എന്നാൽ ആധുനിക നിലവാരത്തിലാണ് രൂപകൽപന.
ഫ്ലെക്സിബിളായും വിവിധ ഉദ്ദേശങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും സ്റ്റേഡിയം. ഏത് തരം കായിക, വിനോദ പരിപാടികൾക്കും ഇണങ്ങുന്ന വേദിയാവാൻ സ്റ്റേഡിയത്തിന് കഴിയും. മികച്ച കായിക വിനോദ അനുഭവങ്ങൾ നൽകുന്നതിൽ സൗദിയെ ഒരു പ്രമുഖ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ വ്യാപ്തി കാണിക്കുന്നതായിരിക്കും ‘ജദീദ് അൽ മുറബ്ബ’ സ്റ്റേഡിയം. സ്പോർട്സ്, സംസ്കാരം, വിനോദം എന്നിവക്കായുള്ള സജീവ ആഗോള ലക്ഷ്യസ്ഥാനമായി റിയാദ് നഗരത്തിന്റെ പരിവർത്തനത്തെ ഈ സ്റ്റേഡിയം ഉൾക്കൊള്ളുന്നുവെന്ന് ന്യൂ സ്ക്വയർ ഡെവലപ്മെൻറ് കമ്പനി സി.ഇ.ഒ മൈക്കൽ ഡൈക്ക് പറഞ്ഞു. സൗദി അറേബ്യ അനുഭവിച്ചുകൊണ്ടിരിക്കുന്ന മഹത്തായ പരിവർത്തനത്തെ ഉയർത്തിക്കാട്ടുന്ന ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് പദ്ധതിയിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. 2032 അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. സ്പോർട്സ്, എൻറർടെയ്ൻമെൻറ് എന്നിവക്കുള്ള വേദിയെന്ന നിലയിൽ ഒരു സവിശേഷമായ വാസ്തുവിദ്യാ നിർമിതിയായിരിക്കും ഇത്. രാജ്യ തലസ്ഥാനമായ റിയാദിൽ സാമ്പത്തിക, ടൂറിസം രംഗങ്ങളിൽ മുന്നേറ്റം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ആകർഷണ കേന്ദ്രമായി ഇത് മാറുമെന്നും സി.ഇ.ഒ കൂട്ടിച്ചേർത്തു.
പുതിയ സ്റ്റേഡിയങ്ങൾ വികസിപ്പിക്കാനും നിർമിക്കാനുമുള്ള പദ്ധതിയെ കുറിച്ച് സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 2027ലെ ഏഷ്യൻ കപ്പിനും 2034ലെ ലോകകപ്പിനുള്ള ഫുട്ബാൾ സ്റ്റേഡിയങ്ങളാണ് ഈ പദ്ധതി പ്രകാരം നിർമിക്കപ്പെടുക.
14 സ്റ്റേഡിയങ്ങളാണ് ഒരുക്കേണ്ടത്. റിയാദിൽ കിങ് ഫഹദ് സ്റ്റേഡിയം, ജിദ്ദയിൽ അൽജൗഹറ സ്റ്റേഡിയം, കിഴക്കൻ പ്രവിശ്യയിൽ ആരാംകോ സ്റ്റേഡിയം, റിയാദിൽ ഖിദ്ദിയ സ്റ്റേഡിയം എന്നിവ ലോകകപ്പ് ഫുട്ബാളിന് വേണ്ടി ഒരുങ്ങുന്ന സ്റ്റേഡിയങ്ങളാണ്.
ഈ മാസം അവസാനം ലോകകപ്പ് നടത്തിപ്പിനുള്ള ഫയൽ ഞങ്ങൾ കൈമാറുമെന്നും അതിന് ശേഷം ഞങ്ങൾ മുഴുവൻ ലോകകപ്പ് സ്റ്റേഡിയങ്ങളും കാണുമെന്നും മന്ത്രി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.