ദമ്മാം: നൂറിൽപരം അംഗങ്ങളുള്ള ജുബൈൽ ബാഡ്മിന്റൺ ക്ലബും ഫനാതീർ ആസ്ഥാനമായ അൽ നാദി സ്പോർട്സ് ക്ലബും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ബാഡ്മിൻറൺ ടൂർണമെൻറ് വ്യാഴാഴ്ച ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളിലും തുടരും. ഇരു ക്ലബുകളിലെയും ആറ് കോർട്ടുകളിലാണ് മത്സരങ്ങളെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജുബൈൽ റോയൽ കമീഷൻ സി.ഇ.ഒ ഡോ. അഹ്മദ് ബിൻ സഈദ് അൽ ഹുസൈൻ ഉദ്ഘാടനം നിർവഹിക്കും.
സൂപ്പർ പ്രീമിയർ, പ്രീമിയർ, മാസ്റ്റേഴ്സ്, വെറ്ററൻസ്, ലേഡീസ് ഡബ്ൾസ്, മിക്സഡ് ഡബ്ൾസ്, ജൂനിയേഴ്സ് (ബോയ്സ് ആൻഡ് ഗേൾസ്) എന്നീ വിഭാഗങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ സൗദിയിലെ വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് 400ഓളം കളിക്കാർ മാറ്റുരക്കും.
സൗദി, യു.എ.ഇ, ഖത്തർ, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള കളിക്കാരെ പങ്കെടുപ്പിക്കുന്ന സൂപ്പർ പ്രീമിയർ മത്സരം ടൂർണമെന്റിന്റെ മുഖ്യ ആകർഷണമാണ്. ജൂനിയർ വിഭാഗത്തിൽ സൗദി ക്ലബുകളിൽനിന്നും നൂറോളം തദ്ദേശീയരായ വിദ്യാർഥികൾ മത്സരിക്കുന്നതും പ്രത്യേകതയാണ്.
ഈ മാസം 26ന് രാത്രി ഒമ്പതിന് നടക്കുന്ന സമാപന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ വിജയികൾക്കുള്ള ട്രോഫികളും കാഷ് അവാർഡുകളും വിതരണം ചെയ്യും.
ജെ.ബി.സി പ്രസിഡൻറും സംഘാടകസമിതി ചെയർമാനുമായ തിലകൻ, സെക്രട്ടറിമാരായ സനീഷ് ജോയ്, ഷിബു ശിവദാസൻ, ക്ലബ് പ്രതിനിധികളായ അജ്മൽ താഹ, മനോജ് ചാക്കോ, സാറ്റ്കോ ഷബീർ, ജെ.ബി.സി കമ്മിറ്റി അംഗങ്ങളായ ഷിജു, ഷാജി, വേണു, ഷബീർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
75ഓളം കുട്ടികൾ ജെ.ബി.സിയുടെ ഇൻഡോർ കോർട്ടിൽ കോച്ച് വിനു ജോണിയുടെ നേതൃത്വത്തിൽ ബാഡ്മിൻറൺ പരിശീലനം നൽകുന്നതായും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.