ജിദ്ദ: കോവിഡ് പ്രതിസന്ധിയിൽ സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം കോഴിക്കോട്ടേക്ക് പറന്നു. ബാംഗളൂരിൽ നിന്നുള്ള എയർ ഇന്ത്യ എ 320 നിയോ എയർക്രാഫ്റ്റ് വിമാനം ബുധനാഴ്ച വൈകീട്ട് 3.40നാണ് ജിദ്ദയിലെത്തിയത്. 148 മുതിർന്നവരും നാല് കൈക്കുഞ്ഞുങ്ങളുമായുള്ള യാത്രാസംഘവുമായി വിമാനം ഒരു മണിക്കൂർ വൈകി അഞ്ചിന് ജിദ്ദയിൽ നിന്നും പറയുന്നയർന്നു. ഇന്ത്യൻ എംബസി മുഖേന രജിസ്റ്റർ ചെയ്തവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്.
ഗർഭിണികൾ, വയോധികർ, അടിയന്തര ചികിത്സ ആവശ്യമുള്ളവർ, വിസ കാലാവധി കഴിഞ്ഞവർ തുടങ്ങിയവരാണ് ആദ്യ വിമാനത്തിലെ യാത്രക്കാർ. തബൂക്ക്, ത്വാഇഫ്, യാംബു, മക്ക തുടങ്ങി പടിഞ്ഞാറൻ മേഖലകളിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരും യാത്രക്കാരായി ഉണ്ടായിരുന്നു.
ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് അടക്കമുള്ള കോൺസുലേറ്റ് ഉദ്യോഗസ്ഥർ യാത്രക്കാരെ യാത്രയയക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു. യാത്രക്കാർക്ക് സഹായങ്ങളുമായി ജിദ്ദ കെ.എം.സി.സി പ്രവർത്തകരും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. സേഫ്റ്റി ഡ്രസ്, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ അടങ്ങിയ കോവിഡ് നിയന്ത്രണ മെഡിക്കൽ കിറ്റ് എല്ലാ യാത്രക്കാർക്കും കെ.എം.സി.സി വിതരണം ചെയ്തു. എന്നാൽ, വിമാനത്താവളത്തിൽ യാത്രക്കാർക്കായി ഒരു വിധ കോവിഡ് ലക്ഷണ പരിശോധനകളും ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.