ജിദ്ദ: ജിദ്ദ പുസ്തകമേള ഡിസംബർ എട്ട് മുതൽ 17 വരെ നടക്കും. സാഹിത്യ-പ്രസിദ്ധീകരണ-വിവർത്തന അതോറിറ്റിയാണ് റിയാദിലെ അന്താരാഷ്ട്ര പുസ്തകമേളക്ക് ശേഷം ജിദ്ദയിലും പുസ്തകമേള സംഘടിപ്പിക്കുന്നത്. രാജ്യത്ത് പുസ്തകമേളയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുക അതോറിറ്റിയുടെ പ്രധാന സംരംഭങ്ങളിലൊന്നാണ്. ഏകദേശം 400ലധികം പബ്ലിഷിങ് സ്ഥാപനങ്ങളുടെ പങ്കാളിത്തം മേളയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാംസ്കാരിക സംഘടനകളുടെ പങ്കാളിത്തത്തോടെ സമഗ്രമായ സാംസ്കാരിക പരിപാടികളും അതോറിറ്റി തയാറാക്കുന്നുണ്ട്. പ്രഭാഷണങ്ങൾ, സാംസ്കാരിക ശിൽപശാലകൾ, വിദഗ്ധരും ബുദ്ധിജീവികളും പങ്കെടുക്കുന്ന സെമിനാറുകൾ, കവിത സായാഹ്നങ്ങൾ, കുട്ടികൾക്കായുള്ള പഠനപരിശീലന കോർണറുകൾ എന്നിവയും പരിപാടികളിലുൾപ്പെടും.
ഈ വർഷം അതോറിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത്തെ പുസ്തകമേളയായിരിക്കും ജിദ്ദയിലേത്. കഴിഞ്ഞ ജൂണിലാണ് മദീന പുസ്തകമേള നടന്നത്. അടുത്തിടെയാണ് റിയാദ് പുസ്തകമേള സമാപിച്ചത്. സാധ്യമായ രീതിയിൽ എല്ലാ വിഭാഗത്തിലേക്കും പുസ്തകങ്ങളെത്തിക്കുക, പ്രസിദ്ധീകരണത്തിനും വിതരണത്തിനുമായി കൂടുതൽ ഔട്ട്ലെറ്റുകൾ സൃഷ്ടിക്കുക, പുസ്തക വ്യവസായത്തിലെ പ്രധാന പ്ലാറ്റ്ഫോമായി രാജ്യത്തെ മാറ്റുക എന്നിവയാണ് പുസ്തകമേളയിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.