ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ മൊഹായിൽ ജയിൽ മേധാവി കേണൽ അബ്ദുള്ള ദാഫിർ അൽ ഷഹിരിയെ സന്ദർശിച്ചപ്പോൾ

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി സംഘം അസീറിലെ വിവിധ ജയിലുകൾ സന്ദർശിച്ചു

അബഹ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ അസീറിലെ വിവിധ ജയിലുകൾ സന്ദർശിച്ചു. ഖമീസ് മുശൈത്ത് സെന്റർ ജയിലിൽ 12 വർഷത്തോളമായി കഴിയുന്ന യു. പി സ്വദേശിയുൾപ്പടെ 56 ഇന്ത്യാക്കാരാണ് ഉള്ളത്. കേരളം, തമിഴ്നാട്, കർണ്ണാടക, ഉത്തർ പ്രദേശ്, പഞ്ചാബ്, കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഏറെ പേരും. മൊഹായിൽ ജയിലിൽ എട്ടും, ബീഷയിൽ ഏഴും ഇന്ത്യാക്കാരുണ്ട്. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗവും വിതരണവും കടത്തലുമാണ് കൂടുതൽ പേരും ചെയ്ത കുറ്റം.

മദ്യ ലഹരിയിൽ ടിക്ക്ടോക്കിലൂടെ മതവികാരം വൃണപ്പെടുത്തുന്ന വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച കേസിൽ ഉൾപ്പെട്ട ഉത്തരേന്ത്യക്കാരായ നാലംഗ സംഘവും ഖമീസ് ജയിലിൽ ശിക്ഷാ കാലാവധി കഴിഞ്ഞ് നാട്ടിൽ പോകാൻ അവസരം കാത്തിരിക്കുന്നുണ്ട്. മോഷണം, സാമ്പത്തിക തട്ടിപ്പ്, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റക്യത്യങ്ങളിൽ ഉൾപ്പെട്ടവരും നിരവധിയുണ്ട്. ജിസാൻ, ഖമീസ് മുശൈത്ത് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 'ഗാത്ത്' (ഒരിനം മയക്കു മരുന്ന്) കള്ളക്കടത്തു സംഘത്തിന്റെ ചതിയിൽപ്പെട്ട് ജയിലിലായവരാണ് മലയാളികളിൽ അധിക പേരും. നാട്ടിൽ നിന്നും സൗദി ഡ്രൈവിംങ് ലൈസൻസും സൗദിയിൽ മുൻ പരിചയമുള്ള ഡ്രൈവർമാരായ യുവാക്കളെ ഫ്രീ വിസയിൽ കൊണ്ടുവന്ന് അവരുടെ പേരിൽ വാഹനങ്ങൾ വാടകക്കെടുത്ത ശേഷം വാഹനങ്ങളിൽ രഹസ്യ അറയുണ്ടാക്കി ഡ്രൈവർമാരറിയാതെ 'ഗാത്ത്' നിറച്ച ശേഷം ജിദ്ദ, റിയാദ് തുടങ്ങിയ പട്ടണങ്ങളിലേക്ക് കൊടുത്തുവിടുകയാണ് സംഘം ചെയ്യുന്നതെന്ന് സംഘത്തിന്റെ ചതിയിൽ പെട്ട് ജയിലിലായ വ്യക്തി കോൺസുലേറ്റ് സംഘത്തോട് പറഞ്ഞു.

വാടകക്കെടുത്ത വാഹനത്തിൽ മറ്റു രഹസ്യ അറകൾ ഉണ്ടാക്കുന്നത്കൊണ്ട് വാഹനത്തിനുണ്ടായ കേടുപാടുകളുടെ പേരിൽ വാടക സ്ഥാപനം വാടകക്കാരന് 25 ലക്ഷം രൂപക്ക് തതുല്യമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനാൽ, ഇത് കൊടുക്കാനാവാതെ മയക്ക് മരുന്ന് കടത്ത് കേസിൽ ശിക്ഷ കഴിഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ജയിൽ മോചിതനാവാൻ കഴിയാതെയിരിക്കുന്നവരും കൂട്ടത്തിലുണ്ട്. ഇവരെ ഇതിന് പ്രേരിപ്പിച്ചവരാവട്ടെ കേസിൽ കുടുങ്ങാതെ പുറത്തുണ്ടെന്നും അവർ ഇവരെ പിന്നീട് തിരിഞ്ഞു നോക്കാറു പോലുമില്ലെന്നും പരാതിക്കാരൻ പറഞ്ഞു.

കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ ശ്രമഫലമായി ശിക്ഷാ കാലാവധി കഴിഞ്ഞ ഖമീസ് ജയിലിൽ നിന്നും എട്ടും, മൊഹായിൽ ജയിലിൽ നിന്നും അഞ്ചും ഇന്ത്യാക്കാർക്കു നാട്ടിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്.

സംഘം അസീർ ജവാസാത്തിന്റെ നാടുകടത്തൽ കേന്ദ്രവും സന്ദർശിച്ചു. നാടുകടത്തൽ കേന്ദ്രത്തിലും ജയിലുകളിലും കഴിയുന്ന പാസ്പോർട്ടില്ലാത്തവർക്ക് എമർജൻസി സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള നടപടികളും സംഘം സ്വീകരിച്ചു. ജയിലിലെ ഇന്ത്യാക്കാരുടെ വിവിധ ആവശ്യങ്ങൾ സംഘം ജയിൽ മേധാവികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അധികൃതൻ കോൺസുലേറ്റ് സംഘത്തിന്നു ഉറപ്പു നൽകുകയും ചെയ്തു.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം വൈസ് കോൺസിൽ നമോ നാരായൺ മീനയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ കോൺസുലേറ്റ് സീനിയർ ഉദ്യോഗസ്ഥൻ ഫൈസൽ, ജീവകാരുണ്യ വിഭാഗം കമ്മറ്റി അംഗങ്ങളായ അഷ്റഫ് കുറ്റിച്ചൽ, ബിജു കെ. നായർ, ഒ.ഐ.സി.സി ഖമീസ് ടൗൺ കമ്മറ്റി പ്രസിഡന്റ് റോയി മൂത്തേടവും ഉണ്ടായിരുന്നു.

Tags:    
News Summary - Jeddah Indian Consulate delegation visited various jails in Asir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.