ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ തിരൂർ മണ്ഡലം എം.എൽ.എയും സ്വതന്ത്ര കർഷകസംഘം അഖിലേന്ത്യ പ്രസിഡന്റുമായ കുറുക്കോളി മൊയ്തീന് ജിദ്ദയിൽ സ്വീകരണം നൽകി. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയും തിരൂർ നിയോജക മണ്ഡലം സമിതിയും സംയുക്തമായി ജിദ്ദ ഷറഫിയ്യ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ മലപ്പുറം ജില്ല സെക്രട്ടറി ടി.വി. ജലീൽ വൈരങ്കോട്, പി.പി. ഷംസു വെട്ടം എന്നിവർ മുഖ്യാതിഥികളായിരുന്നു. ആദ്യകാല നേതാക്കൾ വിദ്യാഭ്യാസ മേഖലയിലും സാമുദായിക ഉന്നമനത്തിനും നാടിന്റെ അഭിവൃദ്ധിക്കും നൽകിയ സേവനങ്ങൾ വാക്കുകൾക്ക് അതീതമാണെന്ന് കുറുക്കോളി മൊയ്തീൻ പറഞ്ഞു.
ലീഗിന്റെ ചരിത്രം പുതുതലമുറക്ക് പകർന്നുകൊടുക്കേണ്ടത് അനിവാര്യമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ശക്തികളുടെ ഭീഷണിയെ നേരിടാൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് കരുത്തുപകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ആമുഖ ഭാഷണവും സി.കെ.എ. റസാഖ് സമാപന പ്രസംഗവും നടത്തി. ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ പി.സി.എ. റഹ്മാൻ, എ.കെ. മുഹമ്മദ് ബാവ, നാസർ മച്ചിങ്ങൽ, തിരൂർ മണ്ഡലം പ്രസിഡന്റ് എ.പി. മുഹമ്മദ് യാസിദ്, ചെയർമാൻ ജലീൽ തങ്ങൾ, ട്രഷറർ എം.പി. മുസ്തഫ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.