ജിദ്ദ: ആടിപ്പാടി തിമിർത്ത് 52 ദിവസം നീണ്ട ‘ജിദ്ദ സീസൺ 2024’ ആഘോഷങ്ങൾക്ക് സമാപനം. രാജ്യത്തിനകത്തും പുറത്തുംനിന്നും 17 ലക്ഷത്തിലധികം ആളുകളാണ് പരിപാടികൾ വീക്ഷിക്കാനും ആസ്വദിക്കാനുമെത്തിച്ചേർന്നത്. വിനോദ സഞ്ചാരകേന്ദ്രമെന്ന നിലയിൽ ജിദ്ദയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന നിരവധി വിനോദ-സാംസ്കാരിക പരിപാടികളാണ് അരങ്ങേറിയത്. ജൂൺ 27ന് ആരംഭിച്ചതു മുതൽ സന്ദർശകരുടെയും വിനോദ സഞ്ചാരികളുടെയും വിപുലമായ പങ്കാളിത്തത്തിനാണ് സാക്ഷ്യംവഹിച്ചത്.
ഈ നേട്ടം രാജ്യം എല്ലാ വിനോസഞ്ചാരികൾക്കും കലാസ്വാദകർക്കുമായി അവതരിപ്പിച്ച ആഘോഷ പരിപാടികളുടെ മികവും വൈവിധ്യവും ഈ മേഖലയിൽ ചെലുത്തുന്ന സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നതാണ്. വിനോദത്തിന്റെയും കലയുടെയും ഒന്നിലധികം വശങ്ങൾ ഉൾക്കൊള്ളുന്ന അസാധാരണ അനുഭവങ്ങളാണ് സന്ദർശകർ ആസ്വദിച്ചത്. ഇത് മേഖലയിലെ ഏറ്റവും പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായി ജിദ്ദയുടെ സ്ഥാനം ശക്തിപ്പെടുത്തി. വ്യത്യസ്തമായ നിരവധി വേദികളാണ് ഇത്തവണ സീസൺ ആഘോഷ പരിപാടികൾക്കായി ഒരുങ്ങിയിരുന്നത്.
അതിലേറ്റവും ആളുകളെ പ്രത്യേകിച്ച് കുടുംബങ്ങളെയും കുട്ടികളെയും ആകർഷിച്ച വേദിയാണ് ‘സിറ്റി വാക്ക്’ ഏരിയ. അതിൽ സംവേദനാത്മക അനുഭവങ്ങളും വിസ്മയാനുഭവം പകരുന്ന വിവിധ ഗെയിമുകളും ഉൾപ്പെട്ടിരുന്നു. ലോകപ്രശസ്തമായ കഥകളെയും കാർട്ടൂൺ കഥാപാത്രങ്ങളെയും അവതരിപ്പിച്ച് കുടുംബങ്ങളെ ആകർഷിച്ച ‘വാർണർ ബ്രദേഴ്സ് ഡിസ്കവറി: സെലിബ്രേറ്റ് എവരി സ്റ്റോറി’ എന്ന പരിപാടിയായിരുന്നു ഈ ഏരിയയിലെ മുഖ്യയിനം.
‘ഇമാജിൻ മോനെറ്റ്’ ഏരിയ എന്ന മറ്റൊരു വേദി സംവേദനാത്മക പ്രദർശനത്താലാണ് തിളങ്ങിയത്. ഫ്രഞ്ച് കലാകാരനായ ക്ലോഡ് മോനെറ്റിന്റെ ഏറ്റവും പ്രശസ്തമായ 200 പെയിന്റിങ്ങുകളാണ് ഇവിടെ പ്രദർശിപ്പിച്ചത്. ഇത് കണാൻ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കലാപരമായ മൗലികതയും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച ഒരു അതുല്യ അനുഭവം പ്രദർശനം പകർന്നുനൽകി. കൂടാതെ പൂന്തോട്ടങ്ങളുടെ ഭംഗിയും മാന്ത്രികതയും പ്രചോദിപ്പിച്ച അന്തരീക്ഷത്തിൽ അമീർ മജീദ് പാർക്ക് വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു ജിദ്ദ സീസണ് ഒരു പുതിയ മാനം നൽകി.
അതേസമയം ‘ജിദ്ദ കലണ്ടർ’ വർഷം മുഴുവനും അതിന്റെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നത് തുടരുകയാണ്. ചരിത്ര പ്രസിദ്ധമായ ജിദ്ദയിൽ ടൂറുകൾ ആസ്വദിക്കാനും ‘ഫക്കീഹ് അക്വേറിയ’ത്തിൽ കടൽലോകം പര്യവേക്ഷണം ചെയ്യാനും ‘സിയാൻ’ വാട്ടർ പാർക്കിൽ രസകരമായ സമയം ചെലവഴിക്കാനും സന്ദർശകർക്ക് അവസരം തുറന്നിട്ടിരിക്കുന്നു. ‘ബാക് ടു സ്കൂൾ’ എക്സിബിഷൻ, ‘സമ്മർ സ്പീഡ് റേസ്’ പരിപാടികൾ എന്നിവ തുടരുന്നു. ഇത് രണ്ട് മാസം കൂടി നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.