ജിദ്ദ: ജിദ്ദ സീസൺ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ‘ഇന്ത്യൻ ആൻഡ് സൗദി നൈറ്റ്’ അരങ്ങേറി. ജനറൽ എൻറർടെയിൻമെന്റ് അതോറിറ്റിയുടെ കീഴിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജിദ്ദ ഇക്വിസ്ട്രിയൻ ക്ലബിൽ വൈകീട്ട് ഏഴ് മുതൽ രാത്രി രണ്ട് വരെ നടന്ന സംഗീത, നൃത്ത പരിപാടികൾ കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഹിന്ദി പിന്നണി ഗായിക നിഖിത ഗാന്ധിയുടെ ഗാനാലാപനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.
ലൈവ് ഓർക്കസ്ട്രയുടെ പിന്തുണയോടെ ഇടവേളകളില്ലാതെ ഒന്നര മണിക്കൂർ നേരം നീണ്ടുനിന്ന അവരുടെ പെർഫോമൻസ് സദസ്സ് നന്നായി ആസ്വദിച്ചു. ഹിന്ദി ടെലിവിഷൻ ചാനലിലെ പ്രശസ്ത റിയാലിറ്റി ഷോയായ ഇന്ത്യൻ ഐഡൊൾ പത്താമത് സീസൺ വിജയിയായ പ്രമുഖ യുവഗായകൻ സൽമാൻ അലിയാണ് പിന്നീട് സ്റ്റേജിലെത്തിയത്. ഹിന്ദിയിൽ ഏറെ പ്രശസ്തമായ അനേകം പാട്ടുകൾ ആലപിച്ച് ഒരു മണിക്കൂറോളം നേരം നീണ്ടുനിന്ന അപാര പെർഫോമൻസിലൂടെ ഇദ്ദേഹവും സദസ്സിനെ ഇളക്കിമറിച്ചു.
ഏറ്റവും അവസാനം സ്റ്റേജിലെത്തിയ കേരളത്തിൽ ലക്ഷക്കണക്കിന് യുവ ആരാധകരുള്ള പ്രശസ്ത റാപ്പ് ഗായകൻ ഡെബ്സിയെ ഏറെ കൈയടിയോടെയാണ് സദസ്സ് വരവേറ്റത്. പക്ഷെ ഡിജെ അകമ്പടിയോടെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പാടിയും വലിയ ശബ്ദത്തിൽ ഒച്ചവെച്ചുമുള്ള അദ്ദേഹത്തിന്റെ റാപ്പ് സംഗീത പരിപാടിക്ക് പുതിയ തലമുറയിലെ ആസ്വാദകരിൽനിന്നൊഴികെ മറ്റുള്ളവരിൽനിന്നും വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല.
അതിനിടക്ക് സ്വദേശികളും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുമൊക്കെ കേൾവിക്കാരായുള്ള പരിപാടിയിൽ അദ്ദേഹം ഇംഗ്ലീഷിൽ മോശം പരാമർശത്തോടെ കേരളീയരെ ആക്ഷേപിച്ചതും ചില ഗാനങ്ങൾ പിന്നണിയിൽ ഉച്ചത്തിൽ വെച്ച് അതിനിടക്ക് താൻ ലൈവായി പാടുകയാണെന്ന തരത്തിൽ ചുണ്ടനക്കുകമാത്രം ചെയ്തതുമെല്ലാം ഏറെ വിമർശനത്തിനിടയാക്കി.
സഞ്ജിത്ത് ഡാൻസ് ക്രൂ ഒരുക്കിയ നൃത്തങ്ങളും ജിദ്ദയിലെ ഫിനോം അക്കാദമിയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച നൃത്തങ്ങളും പരിപാടിയിൽ അരങ്ങേറി. പ്രമുഖ ബോളിവുഡ് നടി ഗൗഹർ അലി ഖാൻ ആയിരുന്നു പരിപാടിയുടെ അവതാരക.
പരിപാടിയോടനുബന്ധിച്ച് പ്രധാന വേദിക്ക് പുറത്തായി ഒരുക്കിയ ചെറിയ സ്റ്റേജിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാപരിപാടികളും അരങ്ങേറി. ആർട്ട് ഗാലറി, മെഹന്തി കോർണർ തുടങ്ങി വിവിധതരം സ്റ്റാളുകളും ഇന്ത്യ ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
ഇന്ത്യയെ കൂടാതെ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈൻസ് തുടങ്ങി വിവിധ രാജ്യങ്ങളുടെ പരിപാടികളും തുടർന്നുള്ള ആഴ്ചകളിൽ ഇതേ വേദിയിൽ അരങ്ങേറും. ഈ രാജ്യങ്ങളുടെ പ്രത്യേകം കമാനങ്ങളും അതിനടിയിൽ നിന്നും അതാത് രാജ്യത്തെ വേഷം ധരിച്ചു നിൽക്കുന്നവരോടൊപ്പം നിന്ന് സന്ദർശകർക്ക് ഫോട്ടോ എടുക്കാനുള്ള സൗകര്യവും നഗരിയിൽ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.