ജിദ്ദ: ജിദ്ദയിലെ ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് പുനരാരംഭിച്ചതായി ജിദ്ദ നഗരവികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സമിതി അറിയിച്ചു. ചേരിപ്രദേശങ്ങൾ വികസിപ്പിക്കുന്നതിനും നഗര സൗന്ദര്യവത്കരണത്തിനും അനധികൃത നിർമിതികളുടെ നീക്കംചെയ്യലിനുമായി ജിദ്ദ മുനിസിപ്പാലിറ്റി ഏതാനും മാസം മുമ്പാണ് ചേരിപ്രദേശങ്ങളിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനും അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും ആരംഭിച്ചത്.
ശറഫിയ, കന്ദറ, ബാബു മക്ക, ബലദ് തുടങ്ങി 22 ഓളം പഴയ ഡിസ്ട്രിക്റ്റുകളിലെ നൂറുക്കണക്കിന് കെട്ടിടങ്ങളാണ് ഇതിനകം പൊളിച്ചുമാറ്റിയത്. എന്നാൽ റമദാൻ എത്തിയതോടെ കെട്ടിടങ്ങൾ പൊളിക്കുന്നതും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതും താൽകാലികമായി നിർത്തിവെച്ചിരുന്നു. അതാണിപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്.
12 ഡിസ്ട്രിക്റ്റുകളിലെ പഴയകെട്ടിടങ്ങൾ കൂടി നീക്കം ചെയ്യുന്നതിനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. ബനീ മാലിക്, മുശ്രിഫ, ജാമിഅ, റിഹാബ്, അസീസിയ, റവാബി, റബ്വ, മുൻതസഹാത്, ഖുവൈസ, അൽഅദ്ൽ വഫദ്ൽ, ഉമ്മുസലം, കിലോ 14ന് വടക്ക് എന്നിവിടങ്ങളിലെ പല കെട്ടിടങ്ങളും പൊളിച്ചു മാറ്റുന്നതിലുൾപ്പെടും. ഇതിന്‍റെ മുന്നോടിയായി പൊളിച്ചുമാറ്റാൻ പോകുന്ന കെട്ടിടങ്ങളിലെ താമസക്കാരോട് മാറി താമസിക്കാൻ അധികൃതർ അറിയിപ്പ് നൽകി തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.