ജിദ്ദ: പ്രവാസി മലയാളികളുടെ ഇംഗ്ലീഷ് ആശയ സംവേദന ശേഷികളെ പരിപോഷിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി പതിറ്റാണ്ടു മുമ്പ് രൂപമെടുത്ത ജിദ്ദ സ്പീക്കേഴ്സ് ഫോറം (ജെ.എസ്.എഫ്) ഇന്ത്യൻ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. 'സ്വാതന്ത്ര്യത്തിന്റെ അഭിമാനകരമായ 75 വർഷങ്ങൾ' എന്ന വിഷയത്തെ അധികരിച്ച് ചീഫ് മെന്റർ നസീർ വാവക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.
ബഹിരാകാശ ശാസ്ത്രമുൾപ്പെടെ വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക കലാ, സാംസ്കാരിക രംഗങ്ങളിൽ രാജ്യം അത്യുജ്ജ്വല നേട്ടങ്ങൾ കൈവരിക്കാനായത് ജനാധിപത്യം, സാക്ഷരത, മത നിരപേക്ഷത, ഭരണഘടന എന്നിവയോട് ഇന്ത്യൻ ജനതയുടെ നിരങ്കുശ പ്രതിബദ്ധതകൊണ്ടാണെന്ന് അദ്ദേഹം സമർഥിച്ചു. സമസ്ത മേഖലകളിലും രാജ്യം കഴിഞ്ഞ 75 വർഷത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങൾ അദ്ദേഹം വിശദമായി അവതരിപ്പിച്ചു.
ചടങ്ങിൽ പ്രസിഡന്റ് എൻജിനീയർ താഹിർ ജാവേദ് അധ്യക്ഷത വഹിച്ചു. ആശയ വിനിമയത്തിന്റെ വിവിധ തലങ്ങളെ കേന്ദ്രീകരിച്ച് നടന്ന സെഷനിൽ ഫോറം ജനറൽ സെക്രട്ടറി വേങ്ങര നാസർ സംസാരിച്ചു. ഇബ്രാഹിം ശംനാട്, ഷുക്കൂർ ചേകന്നൂർ, അബ്ദുറഹ്മാൻ, സുഹൈൽ മലപ്പുറം എന്നിവർ സംസാരിച്ചു. കെ.ടി. ഷമീർ സ്വാഗതവും അഷ്‌റഫ് പാട്ടാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.