ജിദ്ദ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഗൾഫ് രാജ്യങ്ങളുടെയും ഈജിപ്ത്, ജോർഡൻ, ഇറാഖ് രാജ്യങ്ങളുടെയും ഭരണാധികാരികൾ എന്നിവരുടെ പങ്കാളിത്തത്തിൽ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ജിദ്ദ ഉച്ചകോടിയുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്ത് അറബ് ലോകം. അറബ് മേഖലയുടെ സുരക്ഷക്കുനേരെ ഉയരുന്ന വെല്ലുവിളികളെ ഒരുമിച്ചുനേരിടാനും അറബ്-അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്താനും എടുത്ത തീരുമാനത്തെ ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മ (ഒ.ഐ.സി)യാണ് ആദ്യം സ്വാഗതം ചെയ്തു രംഗത്തുവന്നത്.
ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങളിലെ ഭരണാധികാരികൾ നടത്തിയ പ്രസംഗങ്ങളുടെ ഉള്ളടക്കത്തെ ജനറൽ സെക്രട്ടേറിയറ്റ് പ്രശംസിച്ചു. മധ്യപൗരസ്ത്യ ദേശം കടന്നുപോകുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയെും കുറിച്ച് കൃത്യമായ വിലയിരുത്തലാണ് ഉച്ചകോടിയിൽ നടന്നത്. മേഖലയിലെ സുരക്ഷ, വികസനം, സ്ഥിരത എന്നിവ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ അറബ്, അന്തർദേശീയ ശ്രമങ്ങൾക്കും പൂർണമായ പിന്തുണയുണ്ടാകുമെന്ന് ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഇറാൻ ഉയർത്തുന്ന വെല്ലുവിളികളെ ആറു ഗൾഫ് രാജ്യങ്ങളും ഈജിപ്ത്, ജോർഡൻ, ഇറാഖ് എന്നീ അറബ് രാജ്യങ്ങളും യു.എസിന്റെ പിന്തുണയോടെ ഒരുമിച്ച് നേരിടുക, യമനിൽ ശാശ്വതമായ വെടിനിർത്തൽ നടപ്പാക്കുക ഉൾപ്പെടെ നിർണായകമായ ഒട്ടേറെ തീരുമാനങ്ങളാണ് 'സുരക്ഷയും വികസനവും' എന്ന ശീർഷകത്തിൽ നടന്ന ഉച്ചകോടിയിലുണ്ടായത്.
ഉച്ചകോടി തീരുമാനങ്ങളെ അറബ് പാർലമെൻറ് സ്പീക്കർ ആദിൽ ബിൻ അബ്ദുറഹ്മാൻ അൽഅസൂമിയും സ്വാഗതം ചെയ്തു. അറബ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും സുരക്ഷ-സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിന് ഏകോപനത്തിന്റെയും സംയുക്ത സഹകരണത്തിന്റെയും പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിനും ജിദ്ദ ഉച്ചകോടി തീരുമാനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. സുരക്ഷയും സുസ്ഥിരതയും കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള അറബ്, അന്തർദേശീയ ശ്രമങ്ങൾക്ക് അറബ് പാർലമെൻറിന്റെ പൂർണ പിന്തുണയുണ്ടെന്ന് അൽഅസൂമി പറഞ്ഞു.
'സുരക്ഷയും വികസനവും' എന്ന പേരിൽ ഉച്ചകോടി നടത്തുന്നത് മേഖല കടന്നുപോകുന്ന സൂക്ഷ്മമായ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നു. ഉച്ചകോടിയിൽ അറബ് രാജ്യങ്ങളിലെ ഭരണാധികാരികളും പ്രതിനിധികളും നടത്തിയ പ്രസംഗങ്ങളുടെ ഉള്ളടക്കത്തെ അറബ് പാർലമെന്റ് സ്പീക്കർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.