ജിദ്ദ: ലോകം ശ്രദ്ധിക്കുന്ന സൗദി-അമേരിക്കൻ, അറബ് അമേരിക്കൻ ഉച്ചകോടികൾ ശനിയാഴ്ച നടക്കും. രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക തലങ്ങളിൽ വലിയ പ്രാധാന്യം കൽപിക്കുന്നതിനാൽ ലോകം ഉറ്റുനോക്കുന്ന സമ്മേളനങ്ങൾക്കാണ് ജിദ്ദ വേദിയാകുക. സൗദി ഭരണാധികാരി സൽമാൻ രാജാവും യു.എസ് പ്രസിഡൻറ് ജോ ബൈഡനും ഒരുമിച്ചുകൂടുന്ന സൗദി-അമേരിക്കൻ ഉച്ചകോടിയും മറ്റ് അറബ്, ഗൾഫ് രാജ്യങ്ങൾ കൂടി പങ്കാളികളാകുന്ന അറബ്-അമേരിക്കൻ, ജി.സി.സി ഉച്ചകോടികളും വലിയ വാർത്താപ്രാധാന്യം നേടിക്കഴിഞ്ഞു.
അന്താരാഷ്ട്ര ബന്ധങ്ങളിലെ മാറ്റത്തിന്റെ നിർണായകഘട്ടത്തിലൂടെ ലോകം കടന്നുപോകുമ്പോൾ ഈ കൂടിയിരിക്കൽ സവിശേഷ ശ്രദ്ധയാകർഷിക്കുമെന്നാണ് രാഷ്ട്രീയ നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്. വിദേശനയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക ഘടകമായി സാമ്പത്തികസ്ഥിതി മാറി. സൗദി അറേബ്യ ആ രംഗത്ത് ആഴത്തിലും ഏറ്റവും മുൻപന്തിയിലുമുള്ള രാജ്യങ്ങളിലൊന്നാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിൽ ഒന്നാണ്. ജി20 സാമ്പത്തിക കൂട്ടായ്മയിലും അംഗമാണ്. അതിനാൽ ആഗോളതലത്തിൽ സൗദി അറേബ്യക്ക് വലിയ പ്രാധാന്യമുണ്ട്. സൽമാൻ രാജാവിന്റെ ക്ഷണപ്രകാരമാണ് ജോ ബൈഡന്റെ സന്ദർശനം.
ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളും സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള വിശിഷ്ടവും തന്ത്രപരവുമായ പങ്കാളിത്തവും എല്ലാ മേഖലകളിലും അവയെ വികസിപ്പിക്കാനുള്ള പൊതുവായ ആഗ്രഹവുമാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ബൈഡന്റെ സന്ദർശനം സംബന്ധിച്ച് സൗദി റോയൽ കോർട്ട് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യയുടെ വിദേശനയ തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അടിയന്തര സാഹചര്യങ്ങളാൽ മാറാത്തതും കുറ്റമറ്റതുമാണ്. സൗദിയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഉറച്ചതും സ്ഥിരതയിൽ അധിഷ്ഠിതവുമാണ്.
മധ്യപൗരസ്ത്യ മേഖലയുടെ അടിസ്ഥാനശിലയും സ്ഥിരതയുടെ പ്രതീകവുമാണ് സൗദി അറേബ്യ. സൗദി നേതൃത്വത്തിലെ ഏകോപനം എല്ലാ ഘട്ടങ്ങളിലും അനിവാര്യമാണ്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ കാര്യത്തിലും ഇതാണ് വസ്തുതയെന്നും നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന് ഇതറിയുന്നതാണെന്നും അതുകൊണ്ടുതന്നെ ഈ സന്ദർശനത്തിന് പ്രത്യേകത ഏറെയാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.ണയീ
ജിദ്ദ: സൗദി-അമേരിക്കൻ ഉച്ചകോടിക്കൊപ്പം നടക്കുന്ന അറബ്-അമേരിക്കൻ ഉച്ചകോടിയിൽ ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽകാദ്മി എന്നിവരും പങ്കെടുക്കുന്നുണ്ട്. അതിന് ശേഷം ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ യോഗവും ജിദ്ദയിൽ ശനിയാഴ്ച നടക്കും. അതിലും യു.എസ് പ്രസിഡന്റും സൽമാൻ രാജാവും ഈജിപ്ത്, ജോർഡൻ, ഇറാഖ് രാഷ്ട്രനേതാക്കളും പങ്കെടുക്കും.
മധ്യപൗരസ്ത്യ മേഖലയിൽ ഏറ്റവും സജീവമായ രാജ്യങ്ങളുടെ കൂട്ടായ്മയോടെ പുതിയൊരു ലോകക്രമം രൂപപ്പെടുന്നതിന്റെ നാന്ദി കൂടിയായിരിക്കും ഈ ഉച്ചകോടികളെല്ലാം.
മേഖലയിലെ നിർണായക വിഷയങ്ങൾ ചർച്ചചെയ്യാനും കൂട്ടായ സുരക്ഷ, അനിയന്ത്രിതമായ ഭീഷണികളെ അഭിമുഖീകരിക്കാനും രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക തലങ്ങളിൽ നല്ല അയൽപക്ക ബന്ധത്തിന്റെയും അന്താരാഷ്ട്ര, പ്രാദേശിക ധാരണയുടെയും അടിസ്ഥാനത്തിൽ കൂട്ടായ സുരക്ഷ സ്ഥാപിക്കാനും ഈജിപ്ത്, ജോർഡൻ, ഇറാഖ് രാജ്യങ്ങളുടെ സാന്നിധ്യം ആവശ്യമാണ്.
രാഷ്ട്രീയ നീക്കങ്ങളെല്ലാം ഒരു ദിശയിലേക്ക് പോകുമ്പോൾ അത് പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദി-അമേരിക്കൻ ഉച്ചകോടിയുടെയും അറബ്-അമേരിക്കൻ ഉച്ചകോടിയുടെയും ഫലങ്ങൾ ഈ മേഖലയിൽ സ്വാധീനം ചെലുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.