സൗദി മന്ത്രിസഭ യോഗത്തിൽ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും

ജിദ്ദയെ ലോകത്തെ മികച്ച നഗരമാക്കും

ജിദ്ദ: ജിദ്ദയെ ലോകത്തെ മികച്ച നഗരമാക്കുക എന്ന ലക്ഷ്യത്തോടെ ഡെവലപ്മെന്റ് അതോറിറ്റി രൂപവത്കരിച്ച് സൗദി മന്ത്രിസഭ. നിലവിലുള്ള 'ജിദ്ദ ഗവർണറേറ്റ് പ്രോജക്ട് മാനേജ്‌മെൻറ് ഓഫിസി'നെ രൂപം മാറ്റിയാണ് ഡെവലപ്‌മെൻറ് അതോറിറ്റിയാക്കുന്നത്. ചൊവ്വാഴ്ച ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ്.

മക്ക ഗവർണർ, മക്ക ഡെപ്യൂട്ടി ഗവർണർ, സാംസ്കാരിക മന്ത്രി, ജിദ്ദ ഗവർണർ, വാണിജ്യ മന്ത്രി, ടൂറിസം മന്ത്രി, പബ്ലിക്ക് ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് ഗവർണർ, എൻജി. ഇബ്രാഹിം ബിൻ മുഹമ്മദ് അൽ-സുൽത്താൻ, ജിദ്ദ മേയർ എന്നിവരെ അതോറിറ്റി അംഗങ്ങളാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ജിദ്ദ വികസന അതോറിറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിന് സൽമാൻ രാജാവിനും കിരീടാവകാശിക്കും മക്ക ഗവർണറും ഡെപ്യൂട്ടി ഗവർണറും ജിദ്ദ മേയറും നന്ദി അറിയിച്ചു.

ജിദ്ദ ഗവർണറേറ്റ് പ്രോജക്ട് ഓഫിസിനെ ജിദ്ദ വികസന അതോറിറ്റിയായി മാറ്റാനുള്ള ഉത്തരവ് തീർഥാടകരുടെ കവാടമായ ജിദ്ദ നഗരത്തിന്റെ ചരിത്രപരമായ നിലയെ പ്രതിഫലിപ്പിക്കുന്നുവെന്ന് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ പറഞ്ഞു. സാമ്പത്തികം, സാംസ്കാരികം, ടൂറിസം എന്നീ രംഗങ്ങളിലെ പുരോഗതിയുടെ പുതിയ മുഖമായി ജിദ്ദ നഗരത്തിന്റെ സ്ഥാനത്തെ ശക്തിപ്പെടുത്തുമെന്നും മക്ക ഗവർണർ പറഞ്ഞു. ജിദ്ദ ഡെവലപ്‌മെൻറ് അതോറിറ്റി സ്ഥാപിക്കൽ ജിദ്ദയെ ലോകത്തെ മികച്ച 100 നഗരങ്ങളിൽ ഒന്നാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ശക്തിപ്പെടുത്തുമെന്ന് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ പറഞ്ഞു. ജിദ്ദ നഗരത്തിന്റെ വികസനത്തിൽ ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കുന്നതിനും നഗരത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും സർക്കാർ ഏജൻസികളുടെ പ്രവർത്തനങ്ങളെ ഏകീകരിക്കുന്നതിനും പ്രതിബന്ധങ്ങൾ തരണം ചെയ്യുന്നതിനും ജിദ്ദ വികസന അതോറിറ്റി സംഭാവന നൽകുമെന്ന് ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി ഊന്നിപ്പറഞ്ഞു.

ജിദ്ദ നഗരത്തിലെ ജീവിതനിലവാരം മെച്ചപ്പെടുത്തും. 'വിഷൻ 2030'ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തും. വാസയോഗ്യമായ ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങളിൽ ഇടം നേടാൻ സാധിക്കുമെന്നും മേയർ പറഞ്ഞു.

Tags:    
News Summary - Jeddah will be the best city in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.