ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിക്ക് കീഴിലെ ജുബൈൽ ഏരിയകമ്മിറ്റിയുടെ വാർഷികാഘോഷം ‘ജുബൈൽ ഫെസ്റ്റ് 2024’ മേയ് 24 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗൾഫ് സ്റ്റാർ ഇവൻറ്സിന്റെ സഹകരണത്തോടെ, സൗദി നിയമങ്ങൾക്കനുസരിച്ച് രാവിലെ ഒമ്പത് മുതൽ ജുബൈൽ അൽ ഹുമൈദൻ മെയിൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മുൻ പ്രതിപക്ഷ നേതാവും എ.ഐ.സി.സി വർക്കിങ് കമ്മിറ്റിയംഗവുമായ രമേശ് ചെന്നിത്തല, ചലച്ചിത്ര നടനും, സംവിധായകനും കോൺഗ്രസ് അനുഭാവിയുമായ രമേശ് പിഷാരടി എന്നിവർ മുഖ്യാതിഥികളായിരിക്കും. പിന്നണി ഗായിക പാർവതി മേനോനും പരിപാടിയിൽ സംബന്ധിക്കും.
നാടൻപാട്ട്, സംഘനൃത്തം, ഒപ്പന, ബിരിയാണി തയാറാക്കൽ, മെഹന്ദി ഡിസൈനിങ് തുടങ്ങിയ ഇനങ്ങളിൽ മത്സരവും, പ്രവിശ്യയിലെ മുന്നൂറിലധികം കലാകാരന്മാരുടെ വിവിധ പരിപാടികളും ജുബൈൽ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. പ്രവാസ സമൂഹത്തിനും, ഒ.ഐ.സി.സിക്കും നൽകിയ സേവനം കണക്കിലെടുത്ത് അഹ്മദ് പുളിക്കന്‍ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ്, പ്രവാസത്തിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ നൂഹ് പാപ്പിനിശ്ശേരിക്ക് കമ്യൂണിറ്റി വെൽഫെയർ അവാർഡ്, യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി സി.ഇ.ഒ അബ്ദുൽ മജീദ് ബദറുദ്ദീന്‍ എമിനൻറ് ബിസിനസ്മാൻ അവാർഡ് എന്നിവ പരിപാടിയിൽ നൽകും. പുറമെ ജുബൈൽ സമൂഹത്തിലെ ബിസിനസുകാർക്ക് ബിസിനസ് എക്സലൻസ് അവാർഡും, എരിയ കമ്മിറ്റിയുടെ ഭാഗമായി സ്തുത്യർഹ സേവനം നടത്തിയ ഒ.ഐ.സി.സി പ്രവർത്തകർക്കുള്ള ആദരവും ചടങ്ങിൽ വിതരണം ചെയ്യും. ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റി പ്രസിഡൻറ് നജീബ് നസീർ, ദമ്മാം റീജനൽ സംഘടന ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, വിൽസൻ തടത്തിൽ, വിൽസൻ പാനായിക്കുളം, അരുൺ കല്ലറ, അൻഷാദ് ആദം, റിയാസ് കണ്ണൂർ, ഉസ്മാൻ കുന്നംകുളം എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.