ദമ്മാം: കളമശ്ശേരിയിലെ ബോംബ് സ്ഫോടനത്തിൽ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ വിളമ്പിയ നുണകളെയും മാധ്യമപ്രവർത്തകരിലെ സംഘ്പരിവാർ അനുകൂലികളെയും തിരിച്ചറിയാൻ സാധിച്ചെന്നും പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച ടോബ്ൾ ടോക്ക് അഭിപ്രായപ്പെട്ടു.
ഏതു നിമിഷവും ആളിപ്പടരാവുന്ന വിധത്തിൽ സ്ഫോടനാത്മക സാഹചര്യം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടത് അത്യധികം ജാഗ്രതയോടെ കാണേണ്ട കാര്യമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം. വലതുപക്ഷ തീവ്രദേശീയ ആശയം കൊണ്ടുനടക്കുന്ന മാർട്ടിൻ എന്ന വ്യക്തിയാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദി ആക്രമണം നടത്തിയത്. ഇത്തരം കാര്യങ്ങൾ കേരളത്തിൽ ഒരിക്കൽ കൂടി ഉണ്ടാകാതിരിക്കാൻ യോജിച്ച പ്രവർത്തനം അനിവാര്യമാണെന്ന് പ്രൊവിൻസ് പ്രസിഡൻറ് ഷബീർ ചാത്തമംഗലം അഭിപ്രായപ്പെട്ടു.
സാബിഖ് കോഴിക്കോട് വിഷയാവതരണം നടത്തി. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി അടിയന്തര സർവകക്ഷി യോഗം ചേർന്ന സംസ്ഥാന സർക്കാറിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും നിലപാടും കുപ്രചാരകർക്കെതിരെ കേസെടുത്തത് ശ്ലാഘനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം സമുദായം മാപ്പുസാക്ഷികളാവുന്ന അവസ്ഥ ഏറെ ഖേദകരമാണെന്നും ഈ അവസ്ഥയിൽനിന്ന് സമുദായം മോചിതരാവേണ്ടതുണ്ടെന്നും കെ.എം.സി.സി നേതാവ് ഫൈസൽ ഇരിക്കൂർ അഭിപ്രായപ്പെട്ടു.
സംഭവം നടന്ന ഉടൻ വ്യക്തമായ തെളിവില്ലാതെ ഏതെങ്കിലും ഒരു വിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തി മുഖ്യധാരാ മാധ്യമങ്ങൾ ചെയ്തത് വിഷലിപ്തമായ പ്രചാരണങ്ങളാണെന്നും ജനങ്ങൾ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ബൈജു കുട്ടനാട് പറഞ്ഞു. ഖദീജ ഹബീബ് സ്കൂൾ കാല ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങളെ കുറിച്ച് സംസാരിച്ചു. കേരളീയ പൊതുബോധത്തിനുള്ളിൽ നിലകൊള്ളുന്ന വർഗീയതയും മുസ്ലിം വിരുദ്ധതയും അപരവിദ്വേഷവും വെറുപ്പും എത്ര വലുതാണെന്ന് തുറന്നുകാട്ടപ്പെട്ട ദിവസമായിരുന്നു അതെന്നും ഇത്തരം ഗുരുതരാവസ്ഥ കേരളത്തിൽ എങ്ങനെയുണ്ടായി എന്ന കാര്യം കൂടുതൽ ഗൗരവത്തിൽ പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും പ്രവാസി അൽഖോബാർ വൈസ് പ്രസിഡൻറ് ഫൗസിയ അനീസ് പറഞ്ഞു.
ചില മാധ്യമ സ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും സംഘ്പരിവാർ സ്വാധീനത്തിന് വിധേയരാവുകയും അവർ ആഗ്രഹിക്കുന്ന വിധത്തിൽ സാഹചര്യങ്ങളെ രൂപപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നതും കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് നാഷനൽ കമ്മിറ്റി അംഗം മുഹ്സിൻ ആറ്റാശ്ശേരി സമാപന പ്രസംഗത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി സുനില സലീം സ്വാഗതം പറഞ്ഞു. റഊഫ് ചാവക്കാട് മോഡേറേറ്ററായി. ജംഷാദ് അലി, അൻവർ സലീം, ഫൈസൽ കുറ്റ്യാടി, സമീയുല്ല കൊടുങ്ങല്ലൂർ, സലീം കണ്ണൂർ, ഷരീഫ് കൊച്ചി, ആഷിഫ് കൊല്ലം, സിദ്ദീഖ് ആലുവ, ഫാത്തിമ ഹാഷിം, അനീസ മെഹബൂബ്, ഷജീർ തൂണേരി, നബീൽ പെരുമ്പാവൂർ, ജമാൽ പയ്യന്നൂർ, സാദത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.